ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി.

"ചെറുമാ...അറിഞ്ഞിരിക്കുമല്ലോ..?  ഇന്നത്തോടെ നമ്മുടെ ഭരണം, എന്ന് വെച്ചാ രാജഭരണം, അവസാനിക്ക്യാണ്. ഇനിമുതല്‍ ജനാധിപത്യത്തിന്റെ കാലാത്രെ."

ചെറുമനൊന്നും മിണ്ടാതെ ഓച്ഛാനിച്ച് വാതില്‍ക്കല്‍ തന്നെ ഒതുങ്ങിനിന്നു.

"നോം പറഞ്ഞത് ചെറുമന് പിടികിട്ടീല്ല്യാന്ന് തോന്ന്ണൂ. വിശദായിട്ട് പറയാം. അതായത്, നാട്ടുകാരില്‍നിന്ന്, നാട്ടുകാര്‍ക്കുവേണ്ടി, നാട്ടുകാര്‍ തിരഞ്ഞെടുക്കുന്നവരായിരിക്കും, ഇനി ഈ നാട് ഭരിക്ക്യാന്‍ പോണത്. ചുരുക്കി പറഞ്ഞാ ഇവിടുന്നങ്ങോട്ട് ചെറുമനെ ആര് ഭരിക്കണന്ന് ചെറുമന് തീരുമാനിക്കാന്ന്..."

വീണ്ടും മിഴിച്ചു നില്‍ക്കുവാനേ ചെറുമന് കഴിഞ്ഞുള്ളൂ. രാജാവ് ഒന്നു കൂടി വ്യക്തമാക്കി.

"എന്ന് വെച്ചാ നാളെ മുതല്‍ ചെറുമനാണ്... രാജാവെന്നര്‍ത്ഥം."

തിരുമനസ്സിന്റെ നാവു കുഴയുന്നുണ്ടോ. ചെറുമന്റ കണ്ണുകള്‍ അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന പീഠത്തിലേയ്ക്ക ചെന്നു. സായിപ്പ് കൊണ്ടുവന്ന് കൊടുത്തിട്ടുപോയ ചുവന്ന നിറമുള്ള, കയ്പ്പുരസമുള്ള കൃത്രിമ കള്ള്... സേവ തുടങ്ങിയതിന്റെയാകും.

"ഇതകത്തു ചെന്നിട്ട് പറയുന്നതല്ല, ചെറുമാ... അതൊരു സത്യമാണ്... ഇങ്ങോട്ട് അടുത്ത് വര്വാ..."

പുറത്തു നിന്നേ ശീലൊള്ളൂ. ചെറുമന്‍ മടിച്ചുതന്നെ നിന്നു.

"രാജാവാകുമ്പോ കിരീടവും ചെങ്കോലും ഒക്കെ വേണ്ടേ... ദാ... ഇതെല്ലാം ഇനി ചെറുമന്‍തന്നെ വെച്ചോളൂ."

"അടിയന്റെ കൈയ്യീന്ന് ന്തേലും തെറ്റ് പറ്റിയോ... മാപ്പാക്കണം ..."

"തെറ്റ് പറ്റിയത് നമുക്കാണ് ചെറുമാ... ഇത്രേം കാലം, രാജാവാണെന്നും കരുതി സുഖിച്ചങ്ങട് കഴിഞ്ഞു.... സായിപ്പാണ് മിടുക്കന്‍. തൊലി വെളുത്തവന്റെ ബുദ്ധി അപാരം. വര്വാ.. ഇതങ്ങട് വാങ്ങിക്ക്യാ."

രാജാവിന്റെ നീട്ടിപിടിച്ച കൈകളില്‍ കിരീടവും ചെങ്കോലും കണ്ട് ചെറുമന്‍ ഭയന്നു.

"അങ്ങുന്നെ..!!!."

"ന്താ ചെറുമാ... നോം കല്‍പ്പിച്ചാ അനുസരിക്കാന്‍ പറ്റില്ല്യാന്നുണ്ടോ... അധികാരം കൈമാറുന്നത് വരെ നോം തന്നെയാണ് രാജാവ് എന്ന കാര്യം മറക്കണ്ട."

ലഹരിയും ദേഷ്യവും രാജാവിന്റെ കണ്ണുകളെ ചുവപ്പിച്ചതുപോലെ. ചെറുമന്‍ പേടിച്ചു. സേവയ്ക്കിടയില്‍ പലതും പറയാറുണ്ടെങ്കിലും ഇതുപോലെ ആദ്യമായിട്ടാണ്. എന്തായാലും വാങ്ങിക്ക്യന്നെ. ബോധം വരുമ്പോ തിരിച്ചുകൊടുക്കാലോ... അതെല്ലാം ഏറ്റു വാങ്ങുമ്പോള്‍ ചെറുമന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. കിരീടത്തിനും ചെങ്കോലിനും, അദ്ധ്വാനിച്ചു തഴമ്പിച്ച തന്റെ ബലിഷ്ഠമായ കൈകള്‍ക്കുപോലും താങ്ങാന്‍ കഴിയാത്തത്ര ഭാരമുള്ളതായി ചെറുമന് തോന്നി. രാജാവ് ഒന്നിളകി ചിരിച്ചു.

"ഈ ദിവസം ഓര്‍മ്മ വെച്ചോളൂ ചെറുമാ.. ഇന്നു നിന്റെ പട്ടാഭിഷേകമാണ്. പട്ടാഭിഷേകം."

രാജാവിന്റെ പൊട്ടിച്ചിരി. ഭയപ്പെടുത്തുന്ന ചിരി.

"കാതുകള്‍ കൂര്‍പ്പിക്കൂ.. ചെറുമാ... ശ്രദ്ധിക്കൂ.. അങ്ങകലെ സ്വാതന്ത്ര്യത്തിന്റെ, ജനാധിപത്യത്തിന്റെ പ്രഖ്യാപനം നടക്കുകയാണ്. പൊയ്‌ക്കോളൂ ചെറുമാ.. നിന്റെ കൂട്ടരുമൊത്ത് സന്തോഷം പങ്കുവെക്കൂ. ഇത്രയും കാലം നമ്മുടെ  ആട്ടും തുപ്പും സഹിച്ചതിന് നന്ദി. നാളെ മുതല്‍ ചെറുമന്‍ കൊട്ടാരത്തിലേയ്ക്കു വരണമെന്നില്ല. മറ്റെവിടെയെങ്കിലും പോയി എന്തെങ്കിലും പണിയെടുത്ത് ജീവിച്ചോളൂ.."

മടിച്ചും ഭയന്നും നില്‍ക്കുന്ന ചെറുമനോട് രാജാവ് സ്വരം കടുപ്പിച്ചു.

"ന്താത്രെ ആലോചിക്കാന്‍.. ഉം... പൊയ്‌ക്കോളൂ."

കൊട്ടാരത്തിനു പുറത്തുകടക്കുമ്പോള്‍ ചെറുമന്‍ മനസ്സിലാക്കി. അന്ന് പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് താനെന്ന്.
.......................................................................................................

സഞ്ചിയില്‍ നിന്നും പുറത്തെടുത്ത, തിളങ്ങുന്ന കിരീടവും രാജമുദ്രയോടുകൂടിയ ചെങ്കോലും കണ്ട് വള്ളിയുടെ കണ്ണുകള്‍ പുറത്തേയ്ക്ക തള്ളി.

"ശത്യമാണോ മനുഷ്യാ നിങ്ങളീ പറയണത്.?"

"സത്യം തന്ന്യാടീ. തിരുമനസ്സിനെന്തു പറ്റിയെന്നറിയില്ല്യ. ഞാനാകെ പേടിച്ചുപോയി."

"എനിക്കും പേടിയാവ്ണ്ണ്ട്ട്ടാ..."

"ഇപ്പോ ആരോടും ഒന്നും പറയണ്ടാ... ഇനി ആരെങ്കിലും ചോയ്ച്ചാ തന്നെ കമ്മ്യൂണിസ്റ്റുകാരടെ നാടകത്തിന്ള്ളതാന്ന് പറഞ്ഞാ മതി."

"നിങ്ങളതൊന്ന് വെച്ച് നോക്ക്യേ മന്‍ഷ്യാ."

"ഒന്നങ്ങട് തന്നാണ്ട്‌ല്ലോ."

"ഓ പിന്നെ നിങ്ങള് രാജാവായി കാണാനുള്ള മോഹം കൊണ്ട്വന്നല്ല ഞാന്‍ പറഞ്ഞെ.."

"പിന്നെ.."

"അതോ... നിങ്ങള് രാജാവായാ... പിന്നെ ഞാന്‍ രാജ്ഞിയല്ലേന്ന്.."

"വെര്‍തെ ഒച്ച വെച്ച് രാജകുമാരനെ എണീപ്പിക്കണ്ട.. മിണ്ടാണ്ട് കെടക്കാന്‍ നോക്കീക്കോ നീ."
....................................................................................

രാജാവ് പറഞ്ഞത് ശരിയായിരുന്നു. അടുത്ത ദിവസം കരപ്രമാണിയും കൂട്ടാളികളും കാണാന്‍ വന്നു. ചെറുമന്റെ മുമ്പില്‍ തൊഴുതുനിന്നു. ഏറ്റവും മുന്നില്‍ കരപ്രമാണി തലകുനിച്ചുനിന്നു.

"അടിയനൊരവസരം തരണം. അങ്ങയെയും ഈ നാടിനേയും സേവിക്കുവാന്‍."

ചെറുമന്‍ വള്ളിയെ നോക്കി. വള്ളി ചെറുമനേയും. വിശ്വസിക്കാന്‍ പറ്റ്ണില്ല. രാജാവ് പറഞ്ഞത് സത്യായോ.. ചെറുമന്‍ ശരിക്കും രാജാവായോ.. വള്ളിയുടെ ഒക്കത്തിരുന്ന് മൂക്കൊലിപ്പിക്കുന്ന രാജകുമാരനെ എടുത്തോമനിച്ചുകൊണ്ട്, കരപ്രമാണി ഓര്‍മ്മിപ്പിച്ചു.

"ചര്‍ക്കയാണ് ചിഹ്നം. ഗാന്ധിജിയുടെ ചര്‍ക്ക."

ചെറുമനും വള്ളിക്കും ഒന്നും മനസ്സിലായില്ല. വന്നവര്‍ തിരിച്ചുപോയപ്പോള്‍ വള്ളി ചോദിച്ചു.

"അതേയ്... നിങ്ങള് ശരിക്കും രാജാവായാ... ആ കിരീടോം കൂടി വെച്ച് നിന്നിരുന്നെങ്ങി ഒന്നൂടെ പത്രാസ് ആയേനെ.."

"ഒന്നങ്ങട് തന്നാണ്ടല്ലോ... ഇനീപ്പോ എന്ത് പണിയ്ക്ക പോവുംന്നാലോചിച്ച്‌ നിക്കുമ്പഴാ.."
................................................................................

മണ്ണെണ്ണ വിളക്കിന്റ വെളിച്ചത്തില്‍, പത്താംക്ലാസ്സ് പരീക്ഷയ്ക്ക് രാമു പഠിക്കണതും നോക്കി ചെറുമന്‍ നെടുവീര്‍പ്പിട്ടു. ഈശരന്‍മാരെ.. എന്റെ മോനെങ്കിലും നല്ല നെലേല് എത്താന്‍ പറ്റണെ. അരിയില്‍നിന്നും പുഴുക്കളെ എടുത്ത് കളയുമ്പോള്‍ വള്ളിക്കൊരു സംശയം.

"അതേയ്.. നിങ്ങക്ക് റേശന്‍കട ലാശറേട്ടനോടെങ്കിലും ആ ശത്യം പറയാര്‍ന്നില്ലേ."

"ഏത് സത്യം..?"

"ശരിക്കും നിങ്ങള് രാജാവാന്ന്ള്ള ആ കാര്യം. അയാള്‍ക്കറിയാഞ്ഞിട്ടാകും.. അല്ലെങ്കില്‍ നല്ല അരി തന്നേനെ."

"ഒന്നങ്ങട് തന്നാണ്ടല്ലോ.. ആ ചെക്കന്‍ കുത്തിയിരുന്ന് പഠിക്കണ നേരത്താ നിന്റൊരു തമാശ.."

"എന്റെ മോന്‍ ജയ്ക്കും എനിക്കൊറപ്പാ. മതി കുട്ടാ ഇനി നാളെ പഠിക്ക്യാ.. കഞ്ഞികുടിച്ച് ഒറങ്ങിക്കോ."

നല്ല നിലാവ്. മുറ്റത്തൂടെ ബീഡിയും വലിച്ച് ഉലാത്തുന്ന രാജാവ്. ആ കാഴ്ച കണ്ടപ്പോള്‍ വള്ളിയ്ക്ക് ചിരിയൂറി വന്നു.

"രാജാവേ... പള്ളിയുറക്കത്തിന് നേരായില്ല്യേ.."

ചെറുമന്‍ വേറൊരു ലോകത്തായിരുന്നു.

"നമ്മടെ രാമു ജയ്ക്കും അല്ലേ വള്ള്യേ... ആലോചിക്കുമ്പോ എനിക്ക് കണ്ണ് നെറയ്യാ.."

"ജയ്ക്കുംന്ന് ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ.. അവനും ഒറപ്പൊന്നൂല്ല്യ.. ആഗ്രഹ്ണ്ട്.. പക്ഷേങ്കില് മറ്റുകുട്ട്യോള്‍ടെപോലെ പഠിക്ക്യാന്‍ പറ്റ്ണില്ല്യാത്രെ.. ടൂഷനൊക്കെ വിടാന്‍ നമ്മടേല് കാശെവിട്യാ.. ഉസ്‌കൂളിലും അവനെ മറ്റുകുട്ട്യോള്‍ടെ എടേലൊന്നും ഇര്ത്തില്ല്യാത്രെ.. മാറ്റി ഇര്ത്തീട്ടാര്‍ത്രെ പഠിപ്പിക്ക്യാ... അവന് നല്ല വെഷമംണ്ട്... അവര്ക്കറിയില്ല്യാലോ.. അവനൊരു രാജകുമാരനാന്ന്."

വള്ളി കുടിയിലേയ്ക്ക ഓടിക്കയറി. രാജാവിന്റെ തഴമ്പിച്ച കൈ പുറത്തു വീഴും മുമ്പെ.
.....................................................................................................

ചെറുമന്‍ കരയണത് കണ്ട് വള്ളി ചിരിച്ചു. മുപ്പത്തിയൊന്നാമത്തെ വയസ്സിലാണെങ്കിലും രാമുവിന് സര്‍ക്കാര്‍ ഗുമസ്തനായി ജോലികിട്ടിയല്ലോ. കല്യാണം കഴിഞ്ഞ് രാമുവും ഭാര്യയും നഗരത്തിലെ വാടകവീട്ടിലേയ്ക്ക്‌ താമസം മാറ്റിയപ്പോള്‍ ചെറുമനും വള്ളിയും സങ്കടം ഉള്ളിലൊതുക്കി. നല്ല സ്‌കൂളും സൗകര്യങ്ങളുമുള്ള നഗരം. അവനും കുടുംബമെങ്കിലും രക്ഷപ്പെടട്ടെ.

"കയിഞ്ഞ ഓണത്തിന് ഒന്ന് വന്ന് പോയതല്ലേ...  ആ ചെറുതിന്റെ മൊഖം കണ്ണില് കെടന്ന് പാറികളിക്ക്യാ.. നിങ്ങക്കൊന്ന് പോയി കണ്ടൂടെ... ബാങ്കീന്ന് വന്ന ആ നോട്ടീശിന്റെ കാര്യം കൂടി അവനോട്..... എനിക്ക് നടക്കാന്‍ വയ്യാ. ഇല്ല്യങ്കി ഞാനും കൂടി...".

"കുട്ട്യോളെ എനിക്കും കാണണംന്ന്ണ്ട്..  ബാങ്കീന്ന് വന്ന കടലാസ്സിന്റെ കാര്യം പറയണംന്നും. നാളെ ഒന്ന് പോയാലോന്ന് വിചാരിക്ക്യായിരുന്നു. കുടി വിട്ടാ പാടം. പാടം വിട്ടാ കുടി.ബസ്സിലൊന്നും പോയി ശീലല്ല്യ. എന്നാലും ഒന്ന് പോയിനോക്കന്നെ..

ചുമയെ പിടിച്ചുനിര്‍ത്താന്‍ ചെറുമന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഞരമ്പ് തടിച്ച കാല്‍വണ്ണ തിരുമ്മി വളളി നെടുവീര്‍പ്പിട്ടു.
............................................................................................

അകത്ത് കിടക്കാന്‍ രാമു നിര്‍ബന്ധിച്ചെങ്കിലും ചെറുമന്‍ കൂട്ടാക്കിയില്ല.

"ഞാന്‍ പൊറത്ത് എറയത്ത് കെടന്നോളാം. എടക്കിടെ ചൊമ വരും.. വന്നാപിന്നെ നിക്കില്ല്യ.. ഉണ്ണികുട്ടനും നിങ്ങക്കും അത് ശല്ല്യാവും."

നഗരത്തിന്റെ മണം ചെറുമന് തീരെ പിടിച്ചില്ല. ഇവിടെയെന്താ ഇങ്ങനെ..? എല്ലാര്‍ക്കും ഒരു വീര്‍പ്പുമുട്ടല്‍. രാമുവിന്റേയും വിമലയുടേയും വര്‍ത്തമാനത്തിന്റെ ശബ്ദം ഇടയ്ക്കിടെ ഉയരുന്നത് ചെറുമന്‍ ശ്രദ്ധിച്ചു. വരവും ചെലവും കൂട്ടിമുട്ടുന്നില്ല. വയ്യാത്ത കാലുംവെച്ച് വള്ളി കുത്തിയിരുന്നുണ്ടാക്കിയ മധുരമുള്ള ചക്കയട രാമു മാത്രെ തിന്നുള്ളൂ. ഉണ്ണികുട്ടന്‍ തൊട്ടുപോലും നോക്കിയില്ല. എങ്ങിന്യാ തിന്നാ... ടീവില് കാണിക്കണ പലഹാരങ്ങളാ ഇഷ്ടം. ഒന്ന് മനസ്സിലായി. വിമലക്കും ഉണ്ണികുട്ടനും വല്ല്യ വല്ല്യ സ്വപ്നങ്ങളാണ്. അവരുടെ ആശകളും അസംതൃപ്തികളും രാമുവിനെ അസ്വസ്ഥനാക്കുന്നുണ്ടാവണം. ഒരാശ്വാസത്തിനാവണം രാമു ഈയിടെയായി കുടി തൊടങ്ങീട്ടണ്ട്ന്ന്  തോന്ന്ണൂ. ഇടയ്ക്കിടെ രണ്ടുപേരും പരസ്പരം പ്രാകുന്നുണ്ട്. ചെറുമന് പേടി തോന്നി.

പിന്നെയെപ്പോഴോ അകത്തെ മുറിയിലെ രാത്രി നിശബ്ദമായി. പുറത്ത് ഇടക്കിടെ വാഹനങ്ങളുടെ ഇരമ്പല്‍. ചിലയിടങ്ങളില്‍ നായ്ക്കളുടെ കുര. തിരിഞ്ഞും മറിഞ്ഞും എഴുന്നേറ്റിരുന്നും ബീഡി വലിച്ചും ചുമച്ചും  രാത്രി കടന്നുപോയി. പുലര്‍ച്ചെ  ഒന്നു മയങ്ങിപോയെങ്കിലും ചെറുമന്‍ ഞെട്ടിയുണര്‍ന്നു. വിമലയുടെ നെട്ടോട്ടം. രാമുവിന്റെ പ്രാകല്‍. ഉണ്ണികുട്ടന്റെ പരാതികള്‍. ഏഴുമണിയ്ക്ക് സ്‌കൂള്‍ ബസ്സ് വരും. എല്ലാവരും തിരക്കിലാണ്. ചെറുമന്‍ യാത്ര പറഞ്ഞിറങ്ങി. രാമുവിന്റെ മുഖത്ത് എന്തോ ഒരു വിഷമമുള്ളതുപോലെ.. തിരക്കിനിടയില്‍ വിമലയും ഉണ്ണികുട്ടനും ചിരിച്ചുവെന്നു വരുത്തി. ജപ്തി നോട്ടീസ് കാണിച്ചിട്ടെന്തിനാ...? പാവം രാമു.

നഗരത്തില്‍ നിന്നും മടങ്ങുമ്പോള്‍ ചെറുമന്‍ ശ്രദ്ധിച്ചു. എല്ലാ പെണ്ണുങ്ങള്‍ക്കും വിമലയുടെ മുഖച്ഛായ. എല്ലാ ആണുങ്ങള്‍ക്കും രാമുവിന്റെ മുഖച്ഛായ. എല്ലാ കുട്ടികള്‍ക്കും ഉണ്ണികുട്ടന്റെ ഭാവം. ഈ നാടിനെന്തോ പ്രശ്‌നമുണ്ട്. എന്തൊക്കെയോ ആയിത്തീരാന്‍ അവരെ ആരൊക്കെയോ ചേര്‍ന്ന് നിര്‍ബന്ധിക്കുന്നുണ്ട്. കുറ്റപ്പെടുത്തുന്നുണ്ട്. എന്താണെന്നറിയില്ല. ആര്‍ക്കും ഒരു തൃപ്തിയില്ല. ആദ്യം കിട്ടിയ ബസ്സില്‍ ചെറുമന്‍ തൂങ്ങിപിടിച്ചുനിന്നു. ചെറുപ്പക്കാരെ ആരോ മയക്കി കിടത്തിയിരിക്കുകയാണ്. അല്ലെങ്കില്‍ ഒരു വയസ്സന്‍ ഇങ്ങനെ തൂങ്ങിപിടിച്ചുനിന്ന് കഷ്ടപ്പെടുന്നത് അവര്‍ കാണാതിരിക്കുമോ. അയാള്‍ വള്ളിയെ ഓര്‍ത്തു. നാടിന്റെ അവസ്ഥ ഇങ്ങന്യാന്ന് പറഞ്ഞാ, ചെലപ്പോ അവള് ചോദിക്കുമായിരിക്കും.

"നാണാവില്ല്യേ നിങ്ങക്ക്‌.. രാജാവാന്നും പറഞ്ഞ് നടക്കാന്‍... ഭരിക്ക്യാന്‍ അറിയില്ലെങ്ങ്യെ ആ കിരീടോം ചെങ്കോലും വേറെ ആര്‍ക്കെങ്ങിലും കൊടുക്കാര്‍ന്നില്ല്യേ."

വയസ്സന്റെ ചിരി ആരും കണ്ടില്ല. എല്ലാവരും തിരക്കിലായിരുന്നു.
..................................................................................

തിരിച്ച് കൂരയിലെത്തുമ്പോള്‍ വള്ളി കിടപ്പിലായിരുന്നു. അവരുടെ ഞരമ്പുകള്‍ തടിച്ച, നീരുവന്നു വീര്‍ത്ത, കാലുകള്‍ തടവി അയാള്‍ അടുത്തിരുന്നു. വള്ളിയ്ക്ക് നൂറ് നൂറ് ചോദ്യങ്ങളുണ്ടായിരുന്നു. ചെറുമന്റെ കയ്യില്‍ ഒരുപാട് നുണകളും. രാമുവിന്റെയും വിമലയുടേയും ഉണ്ണിക്കുട്ടന്റേയും വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ യാത്രയിലുണ്ടായ ഒരു വിശേഷാനുഭവം പറയാനായിരുന്നു ചെറുമന് തിടുക്കം.

"പട്ടണത്തില് ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയപ്പോ ഞാന്‍ ശരിക്കുമൊന്ന് അന്ധാളിച്ചു പോയെന്റെ വള്ള്യേ... ചിത്രതുന്നലുകള്ള്ള തലപ്പാവ് വെച്ച, തോളത്തും കീശേമലും അരപ്പട്ടേലും ഒക്കെ ഏതോ രാജമുദ്രകള്ള്ള നീളന്‍ കുപ്പായമിട്ട ഒരു സേവകനാ ചായ കൊണ്ടുവന്നത്. പണ്ട് തിരുമനസ്സിന് കൊടുക്കാറുള്ളത് പോലെ ചന്തമുള്ള തളികേല് വെച്ചലങ്കരിച്ചാണ് ചായയും വലിയ ദോശയും കൊണ്ടുവന്നത്. അപ്പഴാ ഞാന്‍ ശരിക്കും ഒരു രാജാവാന്ന് തോന്നിയത്."

ആ വിശേഷം കേട്ട്, ആ രംഗം ഭാവനയില്‍ കണ്ട്, വയ്യാഞ്ഞിട്ടും വള്ളി കിടന്നിടത്തു കിടന്ന് കുലുങ്ങി ചിരിച്ചു. അതോര്‍ക്കും തോറും അവര്‍ക്ക് ചിരി പൊട്ടിക്കൊണ്ടേയിരുന്നു.

മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച്, തേഞ്ഞരഞ്ഞ ചെരുപ്പുകളുമിട്ട്‌, വിയര്‍ത്തൊലിച്ച് തളര്‍ന്നിരിക്കുന്ന പിച്ചക്കാരനെപോലുളള ഒരു വയസ്സന്‍ രാജാവ്. തലപ്പാവ് വെച്ച്, തോളത്തും കീശേമലും അരപ്പട്ടേലും രാജമുദ്രകള് പതിച്ച നീളന്‍ കുപ്പായമിട്ടു നില്‍ക്കുന്ന രാജാവിനെപോലുള്ള ഒരു സേവകനും. ചിരിയടക്കാന്‍ വള്ളി പാടുപെട്ടു. ചെറുമനും കൂടി ചിരിക്കാന്‍. ഇടയ്ക്കു കയറിവന്ന ചുമ ചെറുമന്റെ ചിരിയെ തടസ്സപ്പെടുത്തി.

"പിന്നെ, അവിടന്നെറങ്ങുമ്പോ വാതിലിന്‍മേ എന്തോ എഴുതി വെച്ചിട്ട്ണ്ടായിര്ന്ന്. പൊറത്ത് നിക്കണ ഒരാളോട് ചോയ്ച്ചപ്പോ ഇംഗ്ലീഷാന്നാ പറഞ്ഞേ. എന്തോ കസ്റ്റമര്‍ന്നോ കിംഗ്‌ന്നോ എന്തൊക്കെയോ പറഞ്ഞു. അതിന്റെ മലയാളം എന്താന്ന് ഞാന്‍ ഒന്നൂടെ ചോയ്ച്ചു. അപ്പോ അയാള് ചിരിച്ചിട്ട് പറയാ...നിങ്ങള് തന്ന്യാ രാജാവ്ന്ന്.... അത് കേട്ടതും എനിക്ക് പേടിയായി. രാജാവ് തന്ന കിരീടത്തിന്റേം മറ്റും കാര്യം അവരറിഞ്ഞു കാണുമോന്ന് ഒരു പേടി. പിന്നെ ആവുന്നത്ര വേഗത്തിലങ്ങട് നടക്കായിരുന്നു. ഓര്‍ക്കുമ്പോ ഇപ്പഴും കെതക്ക്യാ."

വര്‍ത്തമാനങ്ങള്‍ക്കിടയില്‍ വള്ളി പൊടുന്നനെ നിശ്ശബ്ദയായത് ചെറുമന്‍ ശ്രദ്ധിച്ചില്ലായിരുന്നു. ചെറുമന്റെ യാത്ര വിശേഷങ്ങള്‍ മുഴുവന്‍ കേള്‍ക്കുമ്പോഴേയ്ക്കും കണ്ണുകള്‍ തുറന്നുപിടിച്ചുള്ള ഒരു നീണ്ട ഉറക്കത്തിലേയ്ക്ക് വള്ളി വീണുപോയിരുന്നു. ആ കിടപ്പ് കണ്ട് ചെറുമന്‍ കരഞ്ഞു. വികൃതമായി.

വള്ളിയ്ക്ക് പിന്നാലെ കൂരയും പോയി. ജപ്തി കഴിഞ്ഞപ്പോള്‍, ഒരു സഞ്ചിയില്‍ നിറയ്ക്കാന്‍ കഴിയുന്നതെല്ലാം എടുത്ത് ചെറുമന്‍ യാത്രയായി. ചെറുമന്റെ മനസ്സ് പറഞ്ഞു. തിരുമനസ്സിനെ ഒന്നു കാണണം. വയസ്സായി കാണും. പറ്റുമെങ്കില്‍, അന്നുതന്ന കിരീടോം ചെങ്കോലുമൊക്കെ തിരിച്ചുകൊണ്ടുകൊടുക്കേം ചെയ്യാം. സ്വന്തം കൂര പോലും സംരക്ഷിക്കാന്‍ പറ്റാത്ത ഒരു രാജാവിനെന്തിനാ ഈ അലങ്കാരങ്ങളൊക്കെ. വള്ളി മോളിലിരുന്ന് ചിരിക്കണ്ണ്ടാവും.
...............................................................................

"രാജാവിനെ ഒന്ന് കാണാന്‍...?"

"രാജാക്കന്‍മാരുടെ കാലമൊക്കെ കഴിഞ്ഞില്ലേ മാഷെ... പണ്ട് ഇതൊരു കൊട്ടാരമായിരുന്നു. ഇപ്പോ ഇതൊരു മ്യൂസിയമാണ്."

"അപ്പോ രാജാവും കൂട്ടരുമൊക്കെ.?"

"അവര്‍ക്കൊക്കെ നാടുമുഴുവന്‍ സ്വത്തായിരുന്നില്ലേ. പിന്‍തലമുറക്കാര്‍ വേറെ എവിടെയെങ്കിലുമൊക്കെ പോയികാണുമായിരിക്കും."

ചെറുമന്‍ തിരിച്ചുനടന്നു. ചൂട്. ദാഹം. വഴിവക്കിലെ പൈപ്പില്‍നിന്നും വെള്ളം കുടിച്ച്, ക്ഷീണം തീര്‍ക്കാന്‍ അല്‍പ്പനേരം മതിലോരം ചേര്‍ന്നിരുന്നു. മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ മുന്നില്‍ കുറച്ചു ചില്ലറനാണയങ്ങള്‍. തൊട്ടടുത്ത് മറ്റൊരു യാചകനും ഇരിപ്പുണ്ട്. അയാളുടെ വരണ്ട ചുണ്ടുകളില്‍ വര്‍ഗ്ഗബോധത്തിന്റെ തളര്‍ന്ന ഒരു പുഞ്ചിരിയും. അതുവഴി കടന്നുപോയ ഒരു കാറില്‍ ഇരുന്നയാളെ ചെറുമന്‍ തിരിച്ചറിഞ്ഞു. അന്നൊരിയ്ക്കല്‍ തന്റെ മുന്നില്‍ തലകുനിച്ചുനിന്ന് അനുഗ്രഹം ചോദിച്ച കരപ്രമാണിയുടെ മകന്‍.

"ആ പോയത് മന്ത്രീടെ കാറാ."

യാചകന്‍ തന്റെ അറിവ് ചെറുമനുമായി പങ്കുവെച്ചു. ചെറുമന്റെ ചുണ്ടുകളില്‍ ഒരു വരണ്ട പുഞ്ചിരി വിടര്‍ന്നു. പാവം. ഒരു രാജാവിനോടാണ് പറയുന്നത്. മന്ത്രിയുടെ കാറാണത്രെ. അന്നാദ്യമായി ചെറുമന്‍ ആ രഹസ്യം വെളിപ്പെടുത്തി..

"പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല... ശരിക്കും ഞാന്‍ ഒരു രാജാവാണ്... ദാ.. ഇതു കണ്ടില്ലേ... കൊറേ കൊല്ലം മുമ്പ്  നാടുവാണിരുന്ന പൊന്നുതിരുമേനി നേരിട്ട് തന്നതാ. "

ചെറുമന്‍ സഞ്ചി തുറന്ന് കിരീടവും ചെങ്കോലും അയാള്‍ക്ക് കാണിച്ചുകൊടുത്തു. ജരാനരകള്‍ക്കിടയിലൂടെ മഞ്ഞപ്പല്ലുകള്‍ കാട്ടി യാചകന്‍ പൊട്ടിച്ചിരിച്ചു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ശബ്ദം വളരെ താഴ്ത്തികൊണ്ടു പറഞ്ഞു.

"ഞാനും."

ചെറുമന്‍ ഞെട്ടി. കുഴിഞ്ഞ കണ്ണുകളില്‍, പീള കെട്ടിയതുപോലെ, അവിശ്വസനീയത തളം കെട്ടിനിന്നു. ചെറുമന് മാത്രം കാണാവുന്ന വിധത്തില്‍ ഭാണ്ഡം തുറന്നുപിടിച്ചുകൊണ്ട് യാചകന്‍ പറഞ്ഞു.

"ദാ കണ്ടോളൂ..."

അയാളുടെ ഭാണ്ഡകെട്ടിലുമുണ്ടായിരുന്നു. ഒരു കിരീടവും ചെങ്കോലും. .
..............................................................................

ഇടയ്ക്കിടെ വള്ളി വന്ന് ചോദിക്കും.

"പട്ടാഭിശേകം കയിഞ്ഞിട്ട് ഇത്രേം കൊല്ലായില്ലേ മന്‍ഷ്യാ.. ഇനീം എന്തിനാ അതൊക്കെ പൊതിഞ്ഞ് സൂശിച്ച് വെച്ചേക്കണെ... ഒന്നില്ലെങ്ങി വിറ്റ് കള. അല്ലെങ്ങി പണേം വെയ്ക്ക്... അല്ലെങ്ങി പിന്നെ.. അതൊക്കെ പൊറത്തെടുത്ത് ഒന്നങ്ങട് അണിഞ്ഞെ.. ഇനിയെങ്ങിലും
ഞാനൊന്ന് കാണട്ടെ..."

വള്ളി പറഞ്ഞാ ചെറുമന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ല. ചെറുമന്‍ കീരീടം ധരിച്ചു. മെലിഞ്ഞു ചുളിഞ്ഞ വിരലുകളാല്‍ ചെങ്കോല്‍ മുറുകെ പിടിച്ചു. ഒരു രാജാവിനെപ്പോലെ അട്ടഹസിച്ചു. അതുകണ്ട് വള്ളി ചിരിച്ചു... ചെറുമനും ചിരിച്ചു... അതുവഴി പോയവരെല്ലാം ചിരിച്ചു.