ഡെസിബെല്‍

ഉള്ളംകൈകൊണ്ട്
മരപ്പലകയിലടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി.
(ഒരു വൃക്ഷം കരയുന്ന ശബ്ദം.?)

ഉള്ളംകൈകൊണ്ട്
കാലിപാട്ടയിലടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി;
(ഒരു ലോഹം കരയുന്ന ശബ്ദം.?)

ഉള്ളംകൈകൊണ്ട്
ഉണക്ക തുകലിലടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി;
(ഒരു മൃഗം കരയുന്ന ശബ്ദം?)

ഉള്ളംകയ്യില്‍ പിടിച്ച
ചാട്ടവാറിനടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി;
(ഒരടിമ കരയുന്ന ശബ്ദം.?)

പക്ഷെ..
ഉള്ളംകൈകൊണ്ട്
ഒറ്റപ്പെട്ടുപോയ ഒരുവളുടെ ...
ചുണ്ടുകളിലടിച്ചപ്പോള്‍...

മുലകളിലടിച്ചപ്പോള്‍...
തുടകളിലടിച്ചപ്പോള്‍...
നിതംബത്തിലടിച്ചപ്പോള്‍...
യോനിയിലടിച്ചപ്പോള്‍...

അപ്പോള്‍ മാത്രം...?
എന്താണെന്നറിയില്ല...?
ഒട്ടും ശബ്ദമുണ്ടാകുന്നില്ല...?
ആരും ഒന്നും കേള്‍ക്കുന്നുമില്ല...?

നേരിയൊരു ഞരക്കംപോലും...!!
ഒരുപക്ഷെ, ശരിയായിരിക്കാം...!!!
രണ്ടുകൈകളും ചേര്‍ത്തടിക്കാതെ;
എങ്ങിനെയാണ് ഒരു ശബ്ദമുണ്ടാകുക...?

അന്ധവിശ്വാസങ്ങളുടെ
തരംഗദൈര്‍ഘ്യങ്ങള്‍ക്കിടയില്‍,
ഡെസിബെല്‍ നഷ്ടപ്പെടുന്ന
ഇരകളുടെ നിലവിളികള്‍.


വാല്‍കഷ്ണം.
ബലാത്സംഗത്തിനിരയായ സ്ത്രീ എതിര്‍ത്തതുകൊണ്ടാണ് അവളെ കൊന്നതെന്ന് പ്രതിയുടെ വിശദീകരണം. ഡല്‍ഹി ബലാത്സംഗകേസില്‍ പ്രതിയായ മുകേഷ് സിംഗുമായി ബി.ബി.സിയുടെ മാധ്യമ പ്രവര്‍ത്തക ലെസ്ലി ഉഡ്‌വിിന്‍ നടത്തിയ അഭിമുഖത്തിലാണ് പ്രതി ഇങ്ങനെ പ്രതികരിച്ചത്. മാത്രവുമല്ല, രാത്രി ഒമ്പതു മണിക്കു ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ മാന്യരല്ലെന്നും അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ പുരുഷന്‍മാരെ പ്രലോഭിപ്പിക്കുകയാണെന്നും അതിനാല്‍ ബലാത്സംഗങ്ങള്‍ക്ക് ഉത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണെന്നുമാണ് പ്രതിയുടെ ഭാഗം. മുകേഷ് സിംഗിന്റെ വാക്കുകളില്‍ ആ വാദത്തിന്, പറഞ്ഞുപഴകിയ ഒരു പഴഞ്ചൊല്ലിന്റെ പിന്‍ബലവും നല്‍കുന്നുണ്ട്. "ഒരു കൈ മാത്രമടിച്ചാല്‍ ശബ്ദമുണ്ടാകില്ലത്രെ. രണ്ടു കൈകളും കൂട്ടിയടിച്ചാല്‍ മാത്രമേ ശബ്ദമുണ്ടാകൂ"വെന്ന്. ഇത് മുകേഷ് സിംഗിന്റെ മാത്രം വാദഗതിയല്ല. ഈ സമൂഹത്തിലെ വലിയൊരു വിഭാഗവും ഈ ചിന്താഗതി പുലര്‍ത്തുന്നവരാണന്നതാണ് ഏറെ ഖേദകരം.