കഴുതപ്പുലികള്‍.

പിന്‍തുടര്‍ന്ന മരണത്തിന്, വെടിയുണ്ടകളുടെ വേഗവും കാതടപ്പിക്കുന്ന ശബ്ദവുമായിരുന്നു. നിര്‍ത്താതെയാണ് ഓടിയത്. ഇരുട്ടിലൂടെ, തേളുകളും വിഷപാമ്പുകളും പതിയിരിക്കുന്ന, ക്രൂരന്‍മാരായ  കഴുതപ്പുലികള്‍  അലഞ്ഞുതിരിയുന്ന, വരണ്ടുണങ്ങി കിടക്കുന്ന മണ്ണിലൂടെ. ഒടുവില്‍ ഈ മുള്‍പടര്‍പ്പിനു പിന്നില്‍ തളര്‍ന്നു വീഴുന്നതുവരെയും. ചെങ്കുത്തായ കുന്നിന്‍ചെരിവുകളില്‍, കുറ്റിക്കാടുകള്‍ക്കിടയില്‍, പാറക്കെട്ടുകള്‍ക്കിടയില്‍ ജീവനെ ഒളിപ്പിച്ചുവെക്കുന്ന, അദ്യശ്യമായ അനേകം ഇടനാഴികള്‍ ഉണ്ടായിരുന്നിരിക്കണം. തിരിച്ചറിയാതെയാണെങ്കിലും ഓടിയത് അവയിലൂടെയായിരിക്കണം, വെടിയുണ്ടകളേല്‍ക്കാതെ രക്ഷപ്പെട്ടതും.

ഭയം വിട്ടുമാറുന്നില്ല. അടുത്തെവിടെയോ മരണം കാത്തുനില്‍ക്കുന്നുണ്ട്. ചിലപ്പോള്‍ വിഷസര്‍പ്പങ്ങളുടെ രൂപത്തില്‍... ചിലപ്പോള്‍ കത്തുന്ന കല്ലുകള്‍പോലെ, തിളങ്ങുന്ന കണ്ണുകളുള്ള കഴുതപ്പുലികളുടെ രൂപത്തില്‍... മിസ്താബയുടെ കൈ, ധരിച്ചിരുന്ന കാലുറകളുടെ കീശയിലേയ്ക്കു താഴ്ന്നു. കൈത്തോക്ക് നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ, ഒരു തിര പോലും അവശേഷിക്കുന്നില്ല. ഓട്ടത്തിനിടയില്‍, തിരകള്‍ നിറച്ച ചെറിയ തുകല്‍ സഞ്ചി, എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. മണ്ണില്‍ കമിഴ്ന്നുകിടന്ന് കൈത്തണ്ടയില്‍ മുഖം ചായ്ച്ച് കിതയ്ക്കുമ്പോള്‍, നിശ്വാസങ്ങള്‍ക്കനുസൃതമായി ഉയര്‍ന്നും താഴ്ന്നും പറന്നു കളിക്കുന്ന മണ്‍തരികള്‍. ആകാശവും മേഘങ്ങളും നക്ഷത്രങ്ങളുമെല്ലാം മാഞ്ഞുപോകുന്നതുപോലെ.. എല്ലാം അവസാനിക്കുകയാണ്. ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളും വിപ്ലവവും... എല്ലാം. കാഴ്ചകള്‍ മങ്ങുകയാണ്. പ്രതീക്ഷകളില്‍ ഇരുട്ടു നിറയുമ്പോള്‍, ഓര്‍മ്മകള്‍ തിരിച്ചുപോകും. ആരംഭത്തിലേയ്ക്ക്. കഥകളെന്ന മണിമുത്തുകളിലേയ്ക്ക് കൗതുകത്തോടെ നോക്കിയിരുന്ന കാലം. മമ്മയുടെ മടിയിലിരുന്നു കേട്ട കഥകളിലെ കഥാപാത്രങ്ങളും കഴുതപ്പുലികള്‍ തന്നെയായിരുന്നു. മമ്മയുടെ വലിയ വട്ടമുഖം. തിളങ്ങുന്ന കണ്ണുകള്‍. തടിച്ച ചുണ്ടുകള്‍ക്കിടയില്‍ നിറയെ ചിരിക്കുന്ന വെളുത്ത പല്ലുകള്‍. കെട്ടിപിടിക്കുന്ന സ്‌നേഹവും ഉമ്മകളുടെ വാത്സല്യവും. മമ്മയുടെ ഓര്‍മ്മകള്‍ മിസ്താബയുടെ കണ്ണുകളില്‍ നനവ് നിറച്ചു.

ഇരുണ്ട ഭൂഖണ്ടത്തിലെ നീണ്ടു പരന്നു കിടക്കുന്ന ഒരു വരണ്ട ഭൂപ്രദേശത്തായിരുന്നു ഗ്രാമം. അല്‍പ്പം പച്ചപ്പുകളും നനവുകളും ശേഷിക്കുന്നത് ഗ്രാമത്തില്‍ മാത്രമാണ്. അതിനപ്പുറമെല്ലാം കണ്ണെത്താ ദൂരത്തോളം വരണ്ടുണങ്ങി കിടക്കുന്ന വിജനമായ മരുഭൂമിയാണ്. അവിടേയ്ക്ക് ആരും തന്നെ പോകാറില്ല. വെള്ളമില്ലാത്ത, തണലില്ലാത്ത, ജനവാസയോഗ്യമല്ലാത്ത വരണ്ട മണ്ണും കുന്നുകളും കുറ്റിക്കാടുകളും പാറക്കെട്ടുകളും മാത്രം. വന്യമൃഗങ്ങളുടേയും കഴുതപ്പുലികളുടെ വിഹാരകേന്ദ്രം. ഇടയ്ക്കിടെ കഴുതപ്പുലികള്‍ കൂട്ടത്തോടെ കുന്നിറങ്ങി വരും. എത്ര ശ്രദ്ധിച്ചാലും വളര്‍ത്തുമൃഗങ്ങളില്‍ ഒന്നിനെയെങ്കിലും കീഴ്‌പ്പെടുത്തി കടിച്ചു വലിച്ചു കൊണ്ടുപോകുകയും ചെയ്യും. പച്ച മാംസത്തേക്കാള്‍ കഴുതപ്പുലികള്‍ക്കിഷ്ടം, ചീഞ്ഞഴുകിയ മാംസാവശിഷ്ടങ്ങളും എല്ലിന്‍ കഷ്ണങ്ങളുമാണെങ്കിലും, മറ്റു മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നതും അവറ്റകള്‍ക്ക് ഒരു വിനോദമാണ്. ചില സമയങ്ങളില്‍ കുന്നിന്‍മുകളില്‍ കയറി നിന്ന് നോക്കിയാല്‍ അവ ഇണ ചേരുന്നത് കാണാം. വളരെ പ്രയാസപ്പെട്ട് ഏറെനേരമെടുക്കുന്ന ഒന്നാണ് അവറ്റകളുടെ ഇണചേരല്‍. ഒരിയ്ക്കല്‍ രണ്ട് ആണ്‍കഴുതപ്പുലികള്‍ തമ്മില്‍ ഇണചേരുന്ന അവിശ്വസനീയമായ കാഴ്ച കണ്ടെന്ന് പറഞ്ഞപ്പോള്‍, സിമായ പൊട്ടിചിരിക്കുകയായിരുന്നു.

"ഏയ് മിസ്താബ... അത് ആണും ആണും തമ്മിലല്ല. ആണും പെണ്ണും തന്നെയായിരിക്കും. കഴുതപ്പുലികളില്‍ ആണുങ്ങള്‍ക്കെന്നപോലെ പെണ്ണുങ്ങള്‍ക്കും തൂങ്ങികിടക്കുന്ന ഭാഗം ഉണ്ടെന്നുമാത്രം. അത് ലിംഗമൊന്നുമല്ല. അവറ്റകളുടെ മാത്രം ഒരു പ്രത്യേകതയാണ്. അതുകൊണ്ടാണ് കഴുതപ്പുലികളെ ചിലര്‍ ആണും പെണ്ണുംകെട്ടവരെന്ന് വിളിക്കുന്നതും."

സിമായയുടെ ചിരിയില്‍ ഒരു കുസൃതിയുണ്ടായിരുന്നു. ജിബ്ലാന്‍ അവളെതന്നെ നോക്കിയിരിക്കുകയായിരുന്നു.

ഗ്രാമത്തിന്റെ ഒരു വശത്ത് കഴുതപ്പുലികളെങ്കില്‍, മറുവശത്ത് പട്ടാള ക്യാമ്പുകളായിരുന്നു. പട്ടാളക്കാരെ ബഹുമാനിക്കുകയും സേവിക്കുകയും വേണം. അതവരുടെ അവകാശമാണ്. വിശന്നാല്‍ ഭക്ഷണവും, ദാഹിച്ചാല്‍ ജലവും കൊടുക്കണം. ആവശ്യപ്പെടുമ്പോഴെല്ലാം ഗ്രാത്തിലെ സ്ത്രീകളെയും വിട്ടുകൊടുക്കണം. ഇല്ലെങ്കില്‍ ഉപദ്രവിക്കും. തോക്കുകളെയാണ് ഏറെയും ഭയം. ചില പട്ടാളക്കാര്‍ വളര്‍ത്തുമൃഗങ്ങളെയും വെടിവെച്ചിടാറുണ്ട്. ലക്ഷ്യം തെറ്റാതെ നിറയൊഴിക്കുവാന്‍ പഠിക്കുന്നവര്‍. നിസ്സഹായരെ വേട്ടയാടുന്നതും ആടുമാടുകളെ കൊല്ലുന്നതും അവര്‍ക്കൊരു നേരമ്പോക്കാണ്. പട്ടാളക്കാര്‍ക്കും കഴുതപ്പുലികള്‍ക്കും ഒട്ടേറെ സാമ്യങ്ങളുണ്ടായിരുന്നു. അവരുടെ യൂണിഫോമുകളിലും കഴുതപ്പുലികളുടേതുപോലെ വരകളുണ്ടായിരുന്നു. പട്ടാളക്കാര്‍ക്കിടയിലും ആണും പെണ്ണും കെട്ടവരുണ്ടെന്ന് പറഞ്ഞുതന്നത് ജിബ്ലാനാണ്. ഒരിയ്ക്കല്‍ പട്ടാള ക്യാമ്പില്‍ പാല്‍ വിതരണം ചെയ്തു മടങ്ങിവരുമ്പോള്‍, പിന്‍ഭാഗം തടവിക്കൊണ്ട്, അവന്‍ കരഞ്ഞു പറഞ്ഞതിപ്പോഴും ഓര്‍മ്മയുണ്ട്.

"പിശാചുക്കള്‍... അവരും കഴുതപ്പുലികളെ പോലെയാണ്."

അന്ന് ജിബ്ലാന് പ്രായം പതിനാല് മാത്രം. അതിനുശേഷം പട്ടാളക്കാരോടുള്ള ഭയം വര്‍ദ്ധിച്ചു. അവരില്‍നിന്നും അകന്നു നില്‍ക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കുന്നിറങ്ങിവരാറുള്ള കഴുതപ്പുലികളേയും, കഴുതപ്പുലികളെപ്പോലെ പെരുമാറുന്ന പട്ടാളക്കാരെയും ഭയന്നും വെറുത്തും ജീവിക്കുന്നതിനിടയിലാണ്, പതിനേഴാമത്തെ വയസ്സില്‍ ആരുമറിയാതെ, ജിബ്ലാനോടൊപ്പം ലിബറേഷന്‍ ആര്‍മിയെന്ന വിപ്ലവസേനയില്‍ അംഗമായത്. അവിടെയും വിഷയം കഴുതപ്പുലികള്‍ തന്നെ.

"...ഇനി കഴുതപ്പുലികളെ കുറിച്ച് നിങ്ങള്‍ക്കറിയാവുന്നത് പങ്കുവെക്കൂ."

കമാന്‍ഡര്‍ അബിംബോലയുടെ വാക്കുകള്‍. എഴുന്നേറ്റത് ജിബ്‌ലാനായിരുന്നു.

"എനിക്കൊരു സംശയമുണ്ട് കമാന്‍ഡര്‍."

"ഉം... ചോദിച്ചോളൂ."

"ഈ കഴുതപ്പുലികളുടെ ഗുഹ്യഭാഗങ്ങള്‍ ഉണക്കി ആഭരണമായി അണിഞ്ഞാല്‍ യുവതികളെ വശീകരിക്കുവാന്‍ കഴിയുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. അതിലെന്തെങ്കിലും സത്യമുണ്ടോ..?"

സിമായയെ വശീകരിക്കുവാനായിരിക്കണം അവന്റെ ശ്രമം. അവളോട് അവന് ഒരു ഇഷ്ടമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്വതവേ തമാശക്കാരനായ ജിബ്‌ലാന്റെ  ചോദ്യം കേട്ട് എല്ലാവരും കൂട്ടത്തോടെ പൊട്ടിച്ചിരിച്ചതായിരുന്നു പക്ഷെ... അബിംബോലയുടെ മുഖത്തെ ചിരിമാഞ്ഞതും, പൊട്ടിച്ചിരി നിലച്ചതും വളരെ പെട്ടെന്നായിരുന്നു. അയാളുടെ ശബ്ദത്തിന് അസാധാരണമായ ഗാംഭീര്യവും കേള്‍ക്കുന്നവരെ അനുസരിപ്പിക്കുവാനുള്ള ശേഷിയും ഉണ്ടായിരുന്നു.

"നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ചിരിക്കുവാനോ ചിരിപ്പിക്കുവാനോ അല്ല. നിങ്ങള്‍ പണം കൊടുത്തു വാങ്ങുന്ന ഗോതമ്പുചാക്കുകളില്‍ എഴുതിവെച്ചിരിക്കുന്നത് എന്താണെന്ന്, എപ്പോഴെങ്കിലും വായിച്ചു നോക്കിയിട്ടുണ്ടോ.. ഉണ്ടാവില്ലെന്നെനിക്കറിയാം. കാരണം. നിങ്ങള്‍ക്ക് എഴുത്തും വായനയും അറിയില്ലല്ലോ... ആ ചാക്കുകളില്‍ എഴുതിവെച്ചിരിക്കുന്ന വാക്കുകള്‍ ഇതാണ്. 'ജപ്പാനില്‍നിന്നുമുള്ള സമ്മാനം. വില്‍പ്പനയ്ക്കുള്ളതല്ല. സൗജന്യമായി വിതരണം ചെയ്യാനുളളത്."

പറഞ്ഞതിന്റെ അര്‍ത്ഥം ആര്‍ക്കെങ്കിലും മനസ്സിലായോ എന്നറിയുവാനായിരിക്കണം അബിംബോല എല്ലാവരുടേയും മുഖത്തേയ്ക്ക് മാറി മാറി നോക്കിയത്.

"വികസിത രാജ്യങ്ങള്‍ അഥവാ ധനികരാജ്യങ്ങള്‍, ഇന്നാട്ടിലെ പട്ടിണി പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുവാന്‍ കപ്പലുകളില്‍ അയച്ചുതരുന്ന ഗോതമ്പുചാക്കുകളാണതെല്ലാം....  അതാണ് നിങ്ങളെപോലുള്ളവര്‍ പണം നല്‍കി വാങ്ങുന്നത്. നിങ്ങള്‍ക്കു വായിക്കുവാന്‍ അറിയില്ലെന്ന് അവര്‍ക്കറിയാം... അതുകൊണ്ടാണ് ആ വാചകങ്ങള്‍ മായ്ച്ചു കളയുവാനുള്ള മാന്യത പോലും ഇവിടെയുള്ള ഭരണാധികാരികള്‍ കാണിക്കാത്തത്. ദയയൊട്ടുമില്ലാത്ത ദുഷ്ടന്‍മാരാണ് നമ്മെ ഭരിക്കുന്നത്. നമ്മുടേത് എന്നും ഒരു പട്ടിണിരാജ്യമായിരിക്കുവാന്‍ എറ്റവുമധികം ആഗ്രഹിക്കുന്നത് നമ്മുടെ ഭരണാധികാരികള്‍ തന്നെയാണ്... ഫണ്ടുകള്‍ ലഭ്യമാക്കുവാന്‍ സഹതാപത്തേക്കാളും മികച്ച മാധ്യമമില്ലലോ.. ഫണ്ടുകള്‍ വരും. പലവഴിക്കും.. പക്ഷെ അവയെല്ലാം ഇടനിലക്കാരായ നമ്മുടെ ഭരണാധികാരികള്‍ തന്നെ പങ്കിട്ടെടുക്കും... അവര്‍ വില്‍ക്കുന്നത് നമ്മളെ തന്നെയാണ്. ഈ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന പട്ടാളക്കാര്‍ സംരക്ഷിക്കുന്നത് നമ്മളെയല്ല. നമ്മുടെ ഭരണാധികാരികളേയും അവരുടെ സ്ഥാപിത താത്പര്യങ്ങളേയുമാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്. ചിരിക്കുവാനും ചിരിപ്പിക്കുവാനുമുള്ള സമയമല്ലിത്... പോരാടേണ്ട സമയമാണിത്. അടിമത്തം ഇരന്നു വാങ്ങി ഉറക്കം തൂങ്ങുന്ന വിഡ്ഢികള്‍."

മൂക്കിന്റെ പാലം തടവുന്നുണ്ടായിരുന്നു ജിബ്‌ലാന്‍. കല്ലിന്‍ കഷ്ണം കൊണ്ടുള്ള ഏറ്. ഇടയ്ക്കിടെ ഉറക്കം തൂങ്ങുന്നതിന് അബിംബോലയുടെ ശിക്ഷ. എങ്ങിനെ ഉറങ്ങിപോകാതിരിക്കും. പൊള്ളുന്ന വെയിലില്‍ ആടുകളെ മേയ്ച്ചു നടന്നതിന്റെ ക്ഷീണം. ആടുകളെ മരക്കുറ്റികള്‍കൊണ്ടുള്ള വേലിക്കകത്താക്കി മുഖം കഴുകുമ്പോള്‍ അസ്തമയം കഴിഞ്ഞിരുന്നു. പുഴുങ്ങിയ കിഴങ്ങ് ഭക്ഷിക്കുവാന്‍ മമ്മ നിര്‍ബന്ധിച്ചതാണ്. സമയമില്ലെന്ന് പറഞ്ഞ്  ഒരോട്ടമായിരുന്നു. തുറന്നുപിടിക്കുവാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും എപ്പോഴോ, കണ്ണുകള്‍ അടഞ്ഞുപോയിരിക്കാം. ലിബറേഷന്‍ ആര്‍മി എന്ന വിപ്ലവ സേനയില്‍ ചേരുവാനും പരിശീലനക്യാമ്പില്‍ പങ്കെടുക്കുവാനും ഓടിയത് വിപ്ലവം തലയ്ക്കു പിടിച്ചിട്ടൊന്നുമായിരുന്നില്ല.

ജിബ്‌ലാന്റെ നിര്‍ബന്ധത്താല്‍ ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നത് അതീവ രഹസ്യമായിട്ടായിരുന്നു. കറുത്ത വംശജരുടെ ആദിവാസി ഗോത്രത്തില്‍ ജനിച്ചു വളര്‍ന്ന, ആടുകളെ മേച്ചുനടക്കുവാന്‍ മാത്രം വിധിയ്ക്കപ്പെട്ടവന് പുറംലോകം കാണുവാനുള്ള ആദ്യത്തെ അവസരം. എട്ടാമത്തെ വയസ്സു മുതല്‍ തുടങ്ങിയ ആടുമേയ്ക്കലില്‍ നിന്നും ഒരു രക്ഷപ്പെടല്‍. എന്നും കാണുവാനുണ്ടായിരുന്നത് ഒരേ മലനിരകള്‍, ഒരേ ആകാശം, ഒരേ ഭക്ഷണം, ഒരേ വസ്ത്രങ്ങള്‍... വല്ലപ്പോഴും മാത്രം ട്രക്കുകളേറി വരുന്ന നഗരകാഴ്ചകള്‍. പുതിയ വസ്ത്രങ്ങളും സ്വാദിഷ്ടമായ ധാന്യങ്ങളും മരുന്നുകളും.  അങ്ങകലെ മലനിരകള്‍പ്പുറത്ത് നഗരമെന്ന ഒരു സ്വര്‍ഗ്ഗമുണ്ടെന്ന് അങ്ങനെയാണ് ചിന്തിക്കുവാന്‍ തുടങ്ങിയത്. ജീവിച്ചിരിക്കുന്നവന്‍ മരണത്തിനുശേഷം സ്വര്‍ഗ്ഗം സ്വപ്നം കാണുന്നതുപോലെ. ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാന്‍ അങ്ങകലെ മലഞ്ചെരിവിലെ മൈതാനത്ത് നടത്തിയ രഹസ്യ മത്സരങ്ങളില്‍ വീറോടെയാണ് പങ്കെടുത്തത്. ക്യാമ്പ് പുതിയൊരു അനുഭവമായിരുന്നു. സ്വാദിഷ്ടമായ ഭക്ഷണവും. മനംമയക്കുന്ന പുകയിലകളും. ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നതിനുശേഷമാണ്, ഗ്രാമത്തിലേയ്ക്ക് ട്രക്കുകളില്‍ കൊണ്ടുവരാറുള്ളതെല്ലാം നഗരം ഉപയോഗിച്ചും ഉപയോഗിക്കാതെയും പഴകിപ്പോയവയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. മമ്മയോടു പറഞ്ഞത് മറ്റു ചിലതായിരുന്നു.

"മലനിരകള്‍ക്കപ്പുറത്ത് വേറൊരു ലോകമുണ്ട്. നല്ല വസ്ത്രങ്ങള്‍... നല്ല ഭക്ഷണം.... നല്ല ജോലി.. വിനോദങ്ങള്‍... എല്ലാവര്‍ക്കും ക്ഷേമം... ലിബറേഷന്‍ ആര്‍മിയെന്ന വിപ്ലവസേനയുടെ ലക്ഷ്യവും അതുതന്നെയാണ്."

കണ്ണുനീരിനെ തടയുവാനായിരിക്കണം. മമ്മയുടെ കറുത്തിരുണ്ട കണ്‍പോളകള്‍ തുടരെ തുടരെ അടഞ്ഞുകൊണ്ടിരുന്നത്. തുക്രാന്‍ മുത്തച്ഛന്‍ പതിവുപോലെ മനസ്സിലാകാത്ത ഭാഷയില്‍ പറഞ്ഞു.

"ചിറകുകളില്ലെങ്കില്‍ പറക്കുവാന്‍ മോഹിക്കരുത്. കടം വാങ്ങുന്ന ചിറകുകള്‍ തിരിച്ചു നല്‍കേണ്ടി വരും. ഉയരങ്ങളില്‍ വെച്ചുതന്നെ."

പതിനേഴാമത്തെ വയസ്സില്‍ മമ്മയേക്കാളും മുത്തച്ഛനേക്കാളും പൊക്കമുണ്ടായിരുന്നു. ആരോഗ്യവും. അതുകൊണ്ടായിരിക്കാം വളര്‍ന്നുവെന്ന് തോന്നിപ്പോയതും സ്വന്തം തീരുമാനം ശരിയെന്നു വിശ്വസിച്ചതും.

............................................................................................

തോക്കുകള്‍ എന്നും ഭയപ്പെടുത്തിയിട്ടേയുള്ളൂ. എങ്കിലും ആടുകളെ ആക്രമിക്കുവാനെത്തുന്ന കഴുതപ്പുലികളെ കല്ലെറിഞ്ഞോടിക്കുവാന്‍ ശ്രമിക്കുമ്പോള്‍, ജിബ്‌ലാന്‍ എപ്പോഴും പറയാറുണ്ട്. ഒരു തോക്കുണ്ടായിരുന്നെങ്കില്‍ അവറ്റകളെ ദൂരെ നിന്നേ വെടിവെച്ചു വീഴ്ത്താമായിരുന്നുവെന്ന്.

ആദ്യമായി ഒരു കൈതോക്ക്, കമാന്‍ഡര്‍ അബിംബോല സമ്മാനിച്ചപ്പോള്‍, അതില്‍ ആദ്യമായി സ്പര്‍ശിച്ചപ്പോള്‍ കൈവിരലുകള്‍ വിറച്ചിരുന്നു. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒന്നിനെ തൊടുംപോലെ. കാഞ്ചിയില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. മുഖത്തിന്നഭിമുഖമായി പിടിച്ചുനോക്കുവാന്‍ പോലും ഭയമായിരുന്നു. കുഴലിന്റെയറ്റത്തുള്ള ചെറിയ ദ്വാരം, തീ തുപ്പുന്ന ഒരു കുട്ടിപിശാചിന്റെ വായപോലെ തോന്നിച്ചു. പക്ഷെ ജിബ്‌ലാന്റെ കണ്ണുകളില്‍ വല്ലാത്ത തിളക്കമായിരുന്നു. ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു കളിപ്പാട്ടം സ്വന്തമാക്കിയതുപോലെ. രാത്രി പട്ടാള ക്യാമ്പില്‍ ഇരച്ചുകയറി ആക്രമിക്കാമെന്ന് കമന്‍ഡര്‍ക്ക് വാക്കുകൊടുത്തത്, ജിബ്‌ലാന്‍ തന്നെയായിരുന്നു. അവന്റെ ഉത്സാഹം, ആത്മാവിലേയ്ക്കു വലിച്ചുകയറ്റിയ പുകയിലയുടെ ലഹരിയില്‍ പ്രകടിപ്പിച്ചതാണെന്നാണ് ആദ്യം കരുതിയത്. ആ കരുതല്‍ തെറ്റായിരുന്നു. ആ കരുതല്‍ മാത്രമല്ല, എല്ലാ കരുതലുകളും തെറ്റായിരുന്നുവെന്നതാണ് സത്യം. പുകയിലകളുടെ ലഹരിയേക്കാള്‍ ജിബ്ലാനെ പ്രേരിപ്പിച്ചത് പ്രതികാരത്തിന്റെ ലഹരിയായിരുന്നു.

പട്ടാളക്യാമ്പ് ചുട്ടെരിച്ചതിനുശേഷം, ടെന്റുകളില്‍നിന്നും രക്ഷപ്പെട്ടോടുന്ന പരമാവധി പട്ടാളക്കാരെ വെടിവെച്ചിട്ടതിനുശേഷവും, എത്രയും വേഗം രക്ഷപ്പെടുവാനല്ല അവന്‍ ശ്രമിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ചിതറിയോടുന്ന പട്ടാളക്കാര്‍ക്കിടയില്‍ അവന്‍ തിരയുകയായിരുന്നു, ഒരിയ്ക്കല്‍ കഴുതപ്പുലിയെപോലെ, അവനെ പിന്നില്‍നിന്നും ഭോഗിച്ചവനെ. കൂടുതല്‍ പട്ടാളക്കാരെത്തി തിരിച്ചടിക്കുന്നതിനു മുമ്പ് രക്ഷപ്പെടേണ്ടതുണ്ടായിരുന്നു. അതോര്‍മ്മിപ്പിച്ചിട്ടും അവന്‍ ചെവികൊണ്ടില്ല. ഒടുവില്‍... പാറക്കൂട്ടങ്ങളുടെ മറപറ്റി ഓടിരക്ഷപ്പെടുവാന്‍ ശ്രമിക്കുന്ന ആ പട്ടാളക്കാരനെ അവന്‍ തിരിച്ചറിയുക തന്നെ ചെയ്തു. നിലാവെളിച്ചത്തില്‍, അയാളുടെ കൈ പുറകിലേയ്ക്ക് ഒടിച്ചുവെച്ച്, പാറയോടു ചേര്‍ത്തു നിര്‍ത്തി, പാന്റ്‌സ് വലിച്ചു കീറി, അയാളുടെ ഗുദദ്വാരത്തിലൂടെ കൈത്തോക്കിന്റെ കുഴല്‍ കയറ്റുമ്പോള്‍, ജിബ്ലാന്റെ കണ്ണുകളും കത്തുന്ന കല്ലുകള്‍പോലെയായിരുന്നു. അടക്കിപിടിച്ച, പൊള്ളുന്ന വാക്കുകള്‍.

"വൃത്തികെട്ട പിശാചെ, നീയും അറിഞ്ഞിരിക്കണം ആ വേദനയുടെ സുഖം."

ഗുദദ്വാരത്തില്‍ തോക്കില്‍കുഴല്‍ കയറിയിറങ്ങുന്ന കഠിനമായ വേദനയും ഭയവും, പട്ടാളക്കാരന്റെ മുഖം വികൃതമാക്കിയിരുന്നു. അയാളുടെ കണ്ണുകള്‍ മാപ്പു ചോദിക്കുന്നുണ്ടായിരുന്നു. തോക്കിന്‍കുഴലില്‍നിന്നും തിരകള്‍ സ്ഖലിച്ചപ്പോള്‍ പട്ടാളക്കാരന്റെ കൃഷ്ണമണികള്‍ പുറത്തേയ്ക്കു തുറിക്കുന്നതുപോലെയാണ് തോന്നിയത്.

ഇരുട്ടിലൂടെ, അകലെ കുന്നുകളുടെ മറവില്‍ കാത്തുനില്‍ക്കുന്ന, അബിംബോല ഒരുക്കിനിര്‍ത്തിയിരുന്ന ട്രക്കിലേക്കെത്തുവാന്‍ ഓടുന്നതിനിടയില്‍, പ്രതികാരം ചെയ്തവന്റെ സംതൃപ്തിയും സന്തോഷവും അടക്കിനിര്‍ത്തുവാനാകാതെ, ജിബ്ലാന്‍ പൊട്ടിച്ചിരിച്ചു. ഭ്രാന്തനെപ്പോലെ. ആ പൊട്ടിച്ചിരി പ്രതിധ്വനിച്ചത് വെടിയൊച്ചകളായാണ്. ആദ്യത്തെ നടുക്കത്തില്‍ നിന്നും ഉണര്‍ന്ന് തിരിച്ചടിക്കുവാന്‍ തുടങ്ങിയ പട്ടാളതോക്കുകള്‍. നിലത്തു വീണ് കമിഴ്ന്നു കിടക്കുമ്പോള്‍, ജിബ്ലാന്‍ കൈയ്യില്‍ മുറുകെ പിടിച്ചിരുന്നു. ആ പിടുത്തത്തിന് വല്ലാത്ത ശക്തിയായിരുന്നു. പാവം. അവന് വെടിയേറ്റിരുന്നു. ഒന്നിലധികം. ലിബറേഷന്‍ ആര്‍മിയെന്ന വിപ്ലവസേനയുടെ യൂണിഫോമില്‍ രക്തം പടര്‍ന്നുപിടിക്കുമ്പോള്‍, അവന്‍ കരയുകയായിരുന്നു. മുറിഞ്ഞുവീണ വാക്കുകളില്‍ നിരാശയും സംതൃപ്തിയുമുണ്ടായിരുന്നു.

"ക്ഷമിക്കണം... മിസ്താബ... ഞാന്‍ നിന്നെക്കൂടി അപകടത്തിലാക്കി... പട്ടാളക്കാരോടുള്ള പ്രതികാരമണ് എന്നെ വിപ്ലവകാരിയാക്കിയത്... എന്റെ വിപ്ലവം ജയിച്ചു. അല്‍പ്പം മുമ്പ്..നീ രക്ഷപ്പെടണം. തിരിച്ചടിക്കുവാന്‍ വരുന്ന പട്ടാളക്കാരില്‍നിന്നും മാത്രമല്ല... അബിംബോലയുടെ ലിബറേഷന്‍ ആര്‍മിയില്‍നിന്നും... മയക്കുമരുന്നും ആയുധ കച്ചവടവുമാണ് അയാളുടേയും ലക്ഷ്യം... പോ... ദൂരേയ്ക്ക്.. ഒരുപാട് ദൂരേയ്ക്ക്.."

ജിബ്‌ലാന്‍ കണ്ണുകളടച്ചു. എന്റെ പ്രതീക്ഷകളും. അവനായിരുന്നു പ്രേരണയും പ്രചോദനവും ധൈര്യവും. വെടിയുണ്ടകളെ ഭയന്ന് കമിഴ്ന്നുകിടന്ന് ഇഴഞ്ഞുനീങ്ങുമ്പോള്‍ വലിയൊരു ചോദ്യം ഇരുട്ടിനെപ്പോലെ മുന്നില്‍ കട്ടപിടിച്ചുനിന്നിരുന്നു. എവിടേയ്ക്ക്...? പുറകില്‍ ഇരുകാലികളും തോക്കുധാരികളുമായ കഴുതപ്പുലികള്‍. മുന്നോട്ടുപോകുന്തോറും ജനവാസയോഗ്യമല്ലാത്ത, വെള്ളമില്ലാത്ത, കണ്ണെത്താത്തിടത്തോളം നീണ്ടുകിടക്കുന്ന വരണ്ട ഭൂമി. ക്രൂരതയുടെ പ്രതീകങ്ങളായ കഴുതപ്പുലികളുടെ ഇടം.

...................................................................................

വിശപ്പും ദാഹവും. കടുത്ത ചൂടും. തേടിവന്നേക്കാവുന്ന പട്ടാളക്കാരെ ഭയന്ന്, അലഞ്ഞുതിരിയുന്ന കഴുതപ്പുലികളെ ഭയന്ന്, ഭക്ഷണവും വെള്ളവും തേടിയുള്ള,  ആ പകല്‍ നിരാശയുടേതും തളര്‍ച്ചയുടേതുമായിരുന്നു. മുറിവേറ്റ കാല്‍ വലിച്ചുനടക്കുവാന്‍ വളരെയധികം പ്രയാസപ്പെട്ടിരുന്നു. . വസന്തത്തിന്റെ അസഥികൂടം പോലെ നില്‍ക്കുന്ന, കുന്നിന്‍മുകളിലെ വെളുത്ത തൊലിയുള്ള ഒരു ഇലയില്ലാ മരത്തിന്റെ വേരില്‍ തല തല ചായ്ച്ച്  തളര്‍ന്നു കിടന്നു. തലയ്ക്കു മുകളിലെ വെളുത്ത ചില്ലകള്‍ക്കു മുകളിലൂടെ പറന്നുപോയ ശവംതീനിപക്ഷിയുടെ രൂപം ഭയപ്പെടുത്തി. കുന്നിന്‍ ചെരിവിലേയ്ക്കിറങ്ങി പോകുന്ന സൂര്യന്‍. കത്തിജ്ജ്വലിക്കുന്ന പകലിനൊടുവില്‍ കണ്ണുകളിലും ഇരുട്ട് നിറഞ്ഞു.

തളര്‍ന്നു കിടന്നുറങ്ങിപ്പോയ കണ്ണുകള്‍, ഒരു ഉള്‍വിളിയാലെന്നപോലെ പൊടുന്നനെ തുറന്നു. കഴുതപ്പുലികളുടെ സാന്നിധ്യം തിരിച്ചറിയാനുളള കഴിവ്  കുട്ടിക്കാലം മുതല്‍ ആര്‍ജ്ജിച്ചിരുന്നു. കുന്നിന്‍ ചെരിവുകളില്‍ നിന്നും എത്തിനോക്കുന്ന, കത്തുന്ന കല്ലുകള്‍ പോലുള്ള കണ്ണുകള്‍, പുറത്തേയ്ക്ക് നീണ്ടുകിടന്നാടുന്ന നാക്കുകള്‍, ഭയവും അറപ്പും ഉളവാക്കുന്ന കൂര്‍ത്ത മഞ്ഞപല്ലുകള്‍. പ്രതീക്ഷിച്ചിരുന്നതാണെങ്കില്‍ പോലും, അവയുടെ സാന്നിധ്യം ഭയപ്പെടുത്തി. അവര്‍ കഴുത്തുകള്‍ മുകളിലേയ്ക്കു നീട്ടിപിടിച്ച് ഓരിയിടുന്നതുപോലെ. അതോ മനുഷ്യര്‍ ചിരിക്കുന്നതുപോലെയോ...? കമാന്‍ഡര്‍ അബിംബോലയുടെ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നതുപോലെ.

"....നമ്മള്‍ മാതൃകകളാക്കേണ്ടത് കഴുതപ്പുലികളെയാണ്. പരസ്പരം ആശയവിനിമയം ചെയ്യുവാനുള്ള അവരുടെ കഴിവ് അപാരം. ഓരോ സാഹചര്യങ്ങളിലും അവയുണ്ടാക്കുന്ന ശബ്ദങ്ങള്‍ വ്യത്യസ്തമായിരിക്കും. ചില സമയങ്ങളില്‍ അവര്‍ മനുഷ്യര്‍ ചിരിക്കുന്നതുപോലെയും ശബ്ദമുണ്ടാക്കാറുണ്ടെന്ന് പറയപ്പെടുന്നു.... അവര്‍ ഭീരുക്കളെപ്പോലെ ഭാവിക്കുകയും അവസരം കിട്ടുമ്പോള്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യും. അതിവേഗത്തില്‍ ഓടുവാന്‍ കഴിയുമെങ്കിലും, ഇരയുടെ വേഗത എത്രയോ, അത്രതന്നെ വേഗതയിലാണ് അവയും പിന്‍തുടരുക. എപ്പോള്‍ വേണമെങ്കിലും ചാടിവീഴാവുന്ന ദൂരം പാലിച്ചുകൊണ്ടുള്ള, ഇരയുടെ ക്ഷമയെയും ജാഗ്രതയെയും പരീക്ഷിക്കുന്ന, അലസമെന്ന് തോന്നിക്കുന്ന കുടിലഭാവം. ഒരു ഘട്ടത്തില്‍ കഴുതപുലികള്‍ പാവങ്ങളാണെന്നും അവറ്റകളെ അനാവശ്യമായി ഭയക്കുകയാണെന്നുപോലും, ഇരകളെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന തന്ത്രപരമായ സമീപനം..."

ഭയന്നു വിറക്കുന്നുണ്ടായിരുന്നെങ്കിലും തിരകളില്ലാത്ത കൈതോക്ക് കഴുതപ്പുലികള്‍ക്കു നേരെ നീട്ടിപിടിച്ചു. അതവറ്റകളെ ഭയപ്പെടുത്തിയില്ല. ഒട്ടും തന്നെ. തിരയില്ലാത്ത തോക്കുകളെ ഭയപ്പെടുന്ന ഒരേയൊരു ജീവി മനുഷ്യനായിരിക്കുവാനാണ് സാധ്യത. കഴുത്തുകള്‍ മുകളിലേയ്ക്കു നീട്ടിപിടിച്ച് വ്യത്യസ്ത ശബ്ദങ്ങളില്‍ ഓരിയിടല്‍ തുടരുകയാണ്. ഒരു ഇരയെ കിട്ടിയിരിക്കുന്നു എന്ന സന്ദേശം കൂട്ടത്തിലുള്ളവര്‍ക്ക് കൈമാറുകയാകാം. തോക്ക് കീശയിലിട്ട് വലിയൊരു കല്ലെടുത്ത് കഴുതപ്പുലികള്‍ക്കിടയിലേയ്ക്ക് ശക്തിയോടെ എറിഞ്ഞു. അവറ്റകളിലൊരെണ്ണം മുടന്തി മോങ്ങി വാലും ചുരുട്ടി ഭയന്നോടി. പിന്നാലെ മറ്റുള്ളവയും. അടുത്ത കല്ലെടുത്തെങ്കിലും എറിയേണ്ടിവന്നില്ല. അവയെല്ലാം ദൂരത്തേയ്ക്ക് പിന്‍വാങ്ങിയിരുന്നു. പക്ഷെ.. അവ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. ഇനി അവറ്റകള്‍ വന്നാല്‍ ഒരു കല്ലെറിയുവാനുള്ള ശക്തി കാണുമോ എന്നുറപ്പില്ല. ഒന്നെഴുന്നു നില്‍ക്കുവാന്‍പോലും കഴിയുമോ എന്ന സംശയമാണ്. കരഞ്ഞു. ഒരു കുഞ്ഞിനെപ്പോലെ... വേണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നു. ചിറകുകള്‍ ഇല്ലാത്തവന്‍ പറക്കുവാന്‍ മോഹിക്കുവാന്‍ പാടില്ലായിരുന്നു.

................................................................................................

രാപക്ഷികള്‍ അസ്വസ്ഥതയോടെ ചിലച്ചു. കഴുതപ്പുലികള്‍ കാലുറയില്‍ കടിച്ചുവലിക്കുമ്പോള്‍, ഉറക്കത്തിലായിരുന്നു. കുന്നിന്‍ ചെരിവിലൂടെ ഉരുണ്ടുവീഴുമ്പോള്‍,  നിലവിളി, വിജനമായ മരുഭൂമിയില്‍ നിസ്സാഹയതയുടെ അലകളായി പ്രതിധ്വനിച്ചു.  ചെന്നു പതിച്ചത് മരണത്തെ മുഖാമുഖം കണ്ട് പേടിച്ചരണ്ടു തുറിച്ചു നില്‍ക്കുന്ന രണ്ടു കണ്ണുകള്‍ക്കു മുന്നിലാണ്. വീഴ്ചയുടെ ആഘാതത്തേക്കാളും ഞെട്ടിപ്പിച്ചത് ആ കണ്ണുകളായിരുന്നു. കുറ്റിച്ചെടികള്‍ക്കരികില്‍ കിടക്കുന്ന, കഴുതപ്പുലികളുടേതുപോലുള്ള വരകളോടുകൂടിയ യൂണിഫോമണിഞ്ഞ ഒരു പട്ടാളക്കാരന്റെ, തുറന്നുപിടിച്ച. ഭയം നിഴലിക്കുന്ന കണ്ണുകള്‍. പട്ടാളക്കാരും കഴുതപ്പുലികളെപ്പോലെയാണ്. ഭീരുവിനെ പോലെ ഭാവിക്കും. അവസരമൊത്തുവന്നാല്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യും.

കീശയില്‍ തപ്പിനോക്കി. കൈതോക്ക് കീശയിലുണ്ട്. തോക്കെടുത്ത്  പട്ടാളക്കാരനുനേരെ നീട്ടി. അതെ, തിരകളില്ലെങ്കിലും ഉണ്ടെങ്കിലും, തോക്കുകള്‍ക്ക് ഭയപ്പെടുത്തുവാന്‍ കഴിയുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമായിരിക്കും. നിരായുധനായ ആ പട്ടാളക്കാരന്‍, കിടന്നുകൊണ്ടുതന്നെ കൈകളുയര്‍ത്തി കീഴടങ്ങല്‍ രേഖപ്പെടുത്തി. ഇനിയെന്തു ചെയ്യണമെന്നറിയാതെ നോക്കിനില്‍ക്കെ പട്ടാളക്കാരന്‍ അലറിക്കരഞ്ഞത് ഞെട്ടിച്ചു. സാമാന്യം വലുപ്പമുള്ള ഒരു കഴുതപ്പുലി, അയാളുടെ കാലില്‍ കടിക്കുന്നതും, കടി വിടാതെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ഭയത്തോടെ, അതിലേറെ നിസ്സഹായതയോടെ കണ്ടുനിന്നു. പട്ടാളക്കാരന്റെ കണ്ണുകള്‍ രക്ഷിക്കൂവെന്ന് യാചിക്കുന്നതുപോലെ.

ആ കാഴ്ച ഭയപ്പെടുത്തുന്നതും തളര്‍ത്തുന്നതുമായിരുന്നു. മണ്ണിലേയ്ക്ക് കുഴഞ്ഞുവീഴുകയായിരുന്നു. എവിടെയൊക്കെയോ വേദനയും നീറ്റലുമുണ്ട്. മുറിവേറ്റ കാലില്‍നിന്നും വീണ്ടും രക്തമൂറിതുടങ്ങിയിരുന്നു. കഴുതപ്പുലികള്‍ തൊട്ടടുത്തുതന്നെയുണ്ട്. മരണവും. എടുത്തെറിയുവാന്‍ കഴിയുന്ന ഒരു കല്ലുപോലും അടുത്തില്ല. കൈത്തോക്കില്‍ ഒരു തിരയെങ്കിലും ശേഷിച്ചിരുന്നുവെങ്കില്‍... കഴുതപ്പുലികള്‍ കടിച്ചുപറിക്കുന്നതിനുമുമ്പ്, സ്വയം മരിക്കാമായിരുന്നു. നിരാശയോടെ തോക്ക് ദൂരേയ്ക്ക വലിച്ചറിഞ്ഞു. ഇരുട്ടിലെവിടെയോ അത് അപ്രത്യക്ഷമായി.

കാത്തിരുന്നത് പട്ടാളക്കാരന്റെ വിധി തന്നെയായിരുന്നു. അര്‍ദ്ധപ്രാണനായി പിടയുന്ന ആ പട്ടാളക്കാരനരികിലേയ്ക്കു തന്നെയാണ്, കഴുതപ്പുലികള്‍ കടിച്ചു വലിച്ചിഴച്ചത്. കഴുതപ്പുലികള്‍ ഇടയ്ക്കിടയ്ക്ക് വരും. ഇരകള്‍ക്ക് ജീവനുണ്ടോ എന്നറിയുവാന്‍. ചിലപ്പോള്‍ കടിച്ചുവലിച്ചുനോക്കും. പിടയുമ്പോള്‍, ജീവനുണ്ടെന്നു കാണുമ്പോള്‍, മുരണ്ടുകൊണ്ട് പിന്‍മാറും. അല്‍പ്പം കഴിയുമ്പോള്‍ വീണ്ടും വരും. അതാവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മുട്ടിലിഴയുവാന്‍ പോലും കഴിയുവാനാവാത്ത വിധത്തില്‍, മണ്ണും രക്തവും പുരണ്ട ശരീരങ്ങളുമായി മരണം കാത്തുകിടക്കുമ്പോള്‍, ഞങ്ങളുടെ കണ്ണുകള്‍ നിസ്സഹായതയോടെ ഏറ്റുമുട്ടി. അസ്സഹനീയമായ വേദന കടിച്ചുപിടിച്ച്, പട്ടാളക്കാരന്‍ ചോദിച്ച ചോദ്യമാണ്, ഇന്നുവരെ അഭിമുഖീകരിച്ചിട്ടുള്ള ചോദ്യങ്ങളില്‍ ഏറ്റവും കടുപ്പമാര്‍ന്നത്.

"നിങ്ങളുടെ.... കൈവശം..... തോക്കുണ്ടായിരുന്നവല്ലോ... എന്താണ് നിറയൊഴിക്കാതിരുന്നത്...? എനിക്ക് മരിക്കാമായിരുന്നു സുഖമായി... ഒരു പട്ടാളക്കാരനെപ്പോലെ... അഭിമാനത്തോടെ.."

കവിളും ചുണ്ടുകളും കഴുതപ്പുലികള്‍ കടിച്ചു കീറിയിരുന്നതിനാല്‍ പട്ടാളക്കാരന്റെ ചോദ്യത്തിന് മറുപടി പറയുവാന്‍ ഏറെ പ്രയാസപ്പെട്ടു. അസഹനീയമായ വേദനയും. രക്തം കട്ടപിടിക്കുവാന്‍ തുടങ്ങിയ ചുണ്ടുകള്‍ മെല്ലെ വിടര്‍ത്തി ഒരു മറുചോദ്യം ചോദിച്ചു. .

"തിരയില്ലാത്ത... തോക്കുകൊണ്ട്... എങ്ങിനെയാണ് നിറയൊഴിക്കുവാനാകുക.?"

പട്ടാളക്കാരന്റെ നീരുവന്നു തടിച്ചുവീര്‍ത്ത പുരികങ്ങള്‍ ഉയര്‍ന്നു.

"ഓ... ദൈവമേ... കഷ്ടം... നിങ്ങളിതെന്തുകൊണ്ട്... നേരത്തെ... പറഞ്ഞില്ല..."

"സുഹൃത്തെ.. നിങ്ങളീ... ചോദ്യം.... നേരത്തെ ചോദിച്ചില്ലല്ലോ...?"

കാലുറകളുടെ കീശയില്‍നിന്നും, ഒരു ചെറിയ തുകല്‍ സഞ്ചി വളരെ പ്രയാസപ്പെട്ട് പുറത്തെടുത്ത് നീട്ടികൊണ്ടാണ് അയാള്‍ പ്രതികരിച്ചത്.

"ഇതെനിക്ക്... തൊട്ടപ്പുറത്തുനിന്നും കിട്ടിയതാണ്.... തോക്കും കൂടി കിട്ടുമെന്ന്.. പ്രതീക്ഷിച്ചത് വെറുതെയായി."

വിശ്വസിക്കാനായില്ല. കൈത്തോക്കിനോടൊപ്പം കമാന്‍ഡര്‍ അബിംബോല സമ്മാനിച്ച തിരകള്‍ നിറച്ച ചെറിയ തുകല്‍ സഞ്ചി. പട്ടാളക്കാരെ ഭയന്നോടി രക്ഷപ്പെടുന്നതിനിടയില്‍ കീശയില്‍നിന്നും നഷ്ടപ്പെട്ടത്. പട്ടാളക്കാരന്റെ ശബദ്ത്തില്‍ എല്ലാമുണ്ടായിരുന്നു. കീഴടങ്ങലും തിരിച്ചറിവും ക്ഷമാപണവും എല്ലാം. അയാള്‍ കെഞ്ചുകയായിരുന്നു.

"സുഹൃത്തെ.. ദയ കാണിക്കൂ... നിങ്ങളുടെ തോക്കെടുക്കൂ.... ഈ തിരകള്‍ നിറച്ച്.... എന്റെ നെറ്റിയിലേയ്‌ക്കോ... നെഞ്ചിലേക്കോ നിറയൊഴിക്കൂ.... ദയ കാണിക്കൂ."

ചിരിക്കുവാന്‍ ശ്രമിച്ചു. കഴിയുന്നില്ല. ചുണ്ടിലെ മുറിവ് അകലുന്നതുപോലെ... എങ്കിലും അയാളോട് പറയാതിരിക്കുവാന്‍ കഴിയുമായിരുന്നില്ല. നിരാശയുടെ പാരമ്യത്തില്‍, അല്‍പ്പം മുമ്പ്, ഇരുട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ ആ തോക്കിനെകുറിച്ച്.  പട്ടാളക്കാരന്‍ ഒരു ഭ്രാന്തനെപ്പോലെ, പുച്ഛത്തോടെ ചിരിച്ചു.

"ഹഹഹാ.. തോക്കും.... തിരകളുമുണ്ടായിട്ടും... നമ്മള്‍.... മനുഷ്യര്‍...  കഴുതപ്പുലികള്‍ മനുഷ്യരെപ്പോലെ ചിരിക്കുന്നത് വെറുതെയല്ല...  ഹ.. ഹ.. അവറ്റകള്‍ പരിഹസിക്കുകയാണ്."

നിശബ്ദമായി കരഞ്ഞു. ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയോര്‍ത്ത് കണ്ണുകളടച്ചു കിടന്നു. കണ്ണുകള്‍ തുറക്കുമ്പോള്‍, അയാളുടെ തുറന്നു പിടിച്ച കണ്ണുകള്‍ നിശ്ചലമായിരുന്നു. അവയില്‍നിന്നും ജീവന്റെ തിളക്കം നഷ്ടപ്പെട്ടിരുന്നു. കൈയ്യെത്തിച്ച് ആ ഇമകള്‍ അടയ്ക്കുവാന്‍ ശ്രമിക്കുമ്പോള്‍, കൈവിരലുകള്‍ വിറച്ചു. മരണത്തെ തൊടുംപോലെ. ഇലകളില്ലാത്ത വെളുത്ത മരത്തിന്റെ ചില്ലകളിലൊന്നില്‍ ഒരു ശവംതീനി പക്ഷിയിരിക്കുന്നുണ്ട്. തുക്രാന്‍ മുത്തച്ഛന്റെ വാക്കുകള്‍ക്ക് അനുഭവങ്ങളുടെ കാഠിന്യം.

"ഭൂമിയിലെ മൃഗങ്ങളില്‍ ഏറ്റവും സ്വാര്‍ത്ഥന്‍മാരും ക്രൂരന്‍മാരും മനുഷ്യരാണ്."

ശവം തീനിപക്ഷിയുടെ കണ്ണുകളില്‍ മാത്രം ഔദാര്യത്തിന്റെ നിസ്സംഗതയായിരുന്നു. ഒടുവിലെ സ്പന്ദനവും നിലച്ചതിനു ശേഷം മാത്രമേ ഞാന്‍ നിന്നെ കൊത്തിവലിക്കൂ എന്ന ഔദാര്യം.