അമ്പതിലമ്പത്.

കുട്ടിക്കാലത്ത് അച്ചനും അമ്മയും സ്‌കൂളില്‍പോകാന്‍ പറഞ്ഞില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോള്‍, സ്വന്തം ജോലി സംരക്ഷിക്കുവാന്‍, സ്‌കൂളിലെ അദ്ധ്യാപിക വന്ന് നിര്‍ബന്ധിച്ചപ്പോഴാണ് അവന്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയത്. അപ്പോഴും ആരും അവനോട് പഠിയ്ക്കാന്‍ പറഞ്ഞില്ല. മൂന്നുനേരം മൂന്നു വയറുകള്‍ നിറയ്ക്കുവാന്‍ രണ്ടുപേര്‍ പാടത്ത് കഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. വിരസമായ ക്ലാസ്സുകളില്‍ നിന്നും ഒഴിഞ്ഞുമാറി കൂട്ടുകൂടി അനാഥമായി കിടന്ന പറമ്പുകളില്‍ നിന്ന് തേങ്ങയും അടയ്ക്കയും കശുവണ്ടിയും മോഷ്ടിച്ച്, കിട്ടുന്ന കാശുകൊണ്ട്  ഓല മേഞ്ഞ ടാക്കീസുകളില്‍ സിനിമ കണ്ടതും, വളര്‍ന്നപ്പോള്‍ ആരും കാണാതെ പുക വലിക്കുവാനും കള്ളുകുടിക്കുവാനും തുടങ്ങിയതും, കാശിനു വഴങ്ങുന്ന പെണ്ണുങ്ങളെ തേടിപ്പോയതും ആരും അറിഞ്ഞില്ല, തിരുത്തിയില്ല. വളര്‍ന്നതുപോലും ആരുമറിഞ്ഞില്ല.  ഇരുണ്ട നിറവും കട്ട പുരികവും ചുവന്ന കണ്ണുകളും ഉന്തിനില്‍ക്കുന്ന പല്ലുകളും അവന്റെ രൂപത്തെയും ഭയാനകമാക്കി. അങ്ങനെ അയാള്‍ കള്ളനും, കൂലിത്തല്ലുകാരനുമായി മാറി. ഒടുവില്‍ നാടുവിട്ടു. പോലീസുകാരില്‍നിന്നും രക്ഷപ്പെടുവാന്‍...

...............................................................

അച്ഛന്റെ മുഖം അവളുടെ അമ്മയ്ക്കുപോലും ഓര്‍മ്മയില്ല. എന്തുകൊണ്ട് സ്‌കൂളില് പോയില്ല എന്നു ചോദിച്ചാല്‍ ഇപ്പോഴും അവള്‍ക്കറിയില്ല. അമ്മയ്‌ക്കൊപ്പം അന്യവീടുകളില്‍ അടിക്കാനും തൊടക്കാനും നടക്കുന്നതിനിടയില്‍ എപ്പോഴൊ വയസ്സറിയിച്ചു, കറുത്തവളായിരുന്നുവെങ്കിലും കാണാന്‍ ഭംഗിയില്ലാത്ത മുഖമായിരുന്നുവെങ്കിലും കഴുത്തിനു താഴെ അവള്‍ പെണ്ണുതന്നെയായിരുന്നു. സ്‌നേഹിക്കപ്പെടുക എന്നതും ഒരു ലഹരിയാണല്ലോ. അതിന്റെ ഇക്കിളിയും കുളിരും ഒന്നു വേറെതന്നെ. അങ്ങനെയാണ് അവള്‍ ആരും കാണാതെ സ്‌നേഹിക്കുവാന്‍ വരുന്നവരെ, ആരുമറിയാതെ സ്‌നേഹിയ്ക്കുവാന്‍ തുടങ്ങിയത്. ആളുകള്‍ വെറുപ്പോടെ നോക്കുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും കളഞ്ഞുകിട്ടിയതും കൊണ്ട് കാലം കടന്നുപോയിരുന്നു. കള്ളനും കൂലിത്തല്ലുകാരനുമായിരുന്ന അയാളും അങ്ങനെയാണ് അവളെ സ്‌നേഹിക്കുവാനെത്തി തുടങ്ങിയത്. യൗവ്വനം ചോര്‍ന്നുകഴിഞ്ഞപ്പോള്‍, പിന്നെ എപ്പോഴോ, അവര്‍ ഒരുമിച്ച് ഒരു വീട്ടിലായി താമസം.

.................................................................

മഴയും വെയിലുമേല്‍ക്കാത്ത മേല്‍ക്കൂര. വായുവിന് കഞ്ചാവിന്റേയും വിലകുറഞ്ഞ മദ്യത്തിന്റേയും ഗന്ധം. ശബ്ദമെന്നാല്‍ പച്ചതെറികള്‍. അസംതൃപ്തമായ മനസ്സുകള്‍. ചുറ്റുമുള്ളവരുടെ നോട്ടങ്ങളിലും വാക്കുകളിലും അനുഭവപ്പെടുന്ന അകല്‍ച്ചയും ഒറ്റപ്പെടലും. അവള്‍ക്ക് എല്ലാ ദിവസങ്ങളും ഒരുപോലെയായിരുന്നു. അയാള്‍ക്ക് എല്ലാവരോടും വെറുപ്പായിരുന്നു. വീടണയുന്ന രാത്രികളില്‍ അവരുടെ അരക്കെട്ടുകള്‍ മാത്രം അടുത്തു. എപ്പോഴോ അവര്‍ക്ക് ഒരു കുഞ്ഞുണ്ടായി.

പുതിയ അതിഥിയ്ക്ക് അച്ഛനെന്നാല്‍ ഭയമായിരുന്നു. ദേഷ്യത്തിന്റെ ആള്‍ രൂപമായിരുന്നു. അയാള്‍ക്ക് ദേഷ്യം വന്നാല്‍ പിന്നെ തലങ്ങും വിലങ്ങും അടിയാണ്. അടി മാത്രല്ല. അമ്മയുടെ മുടി പിടിച്ചുവലിക്കലും തള്ളിത്താഴെയിടലും അടിവയറ്റില്‍ ചവിട്ടലും. അച്ഛാ എന്ന് വിളിക്കുവാന്‍പോലും പേടി. കരയാനും പേടി. അയാള്‍ കൊണ്ടുവരുന്ന അണ്ടിപരിപ്പിനും കപ്പലണ്ടിക്കും മദ്യത്തിന്റെയും വിയര്‍പ്പിന്റേയും ഗന്ധമായിരുന്നു. ഛര്‍ദ്ദിക്കുവാന്‍ തോന്നുമെങ്കിലും അവര്‍ തിന്നും. ഇല്ലെങ്കില്‍ അതിനും അടി ഉറപ്പായിരുന്നു.

കുട്ടി വളരുവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അവനെ സംശയത്തോടെ നോക്കുവാന്‍ തുടങ്ങി. അവനും തന്നെപ്പോലെ, സ്‌കൂളില്‍ പോകാതിരിക്കുമോ...? അലഞ്ഞുതിരിയുമോ...? തേങ്ങയും അടയ്ക്കയും കശുവണ്ടിയും മോഷ്ടിക്കുമോ...? ഒളിഞ്ഞിരുന്ന് പുക വലിക്കുമോ...? പിന്നെയും ഒരുപാട് ദുഃശ്ശീലങ്ങള്‍. വൃത്തികേടുകള്‍...? ഇല്ല... പാടില്ല.... ശ്രദ്ധിക്കണം.

കടയില്‍നിന്നും പച്ചക്കറി വാങ്ങിയപ്പോള്‍ ബാക്കി കാശ് ചോദിച്ചുവാങ്ങാന്‍ കുട്ടി മറന്നുപോയി. നാലുവയസ്സുകാരനും നുണ പറയാന്‍ കഴിയുമെന്ന് അയാള്‍ക്കറിയാമായിരുന്നു. അയാള്‍ സംശയിച്ചു. മദ്യത്തിന്റെ ലഹരിയില്‍ അന്നയാള്‍ കുട്ടിയുടെ പിന്‍കഴുത്തിലാണ് അടിച്ചത്. വേദനയോടെ ഓളിയിട്ട് കരഞ്ഞ്, കമിഴ്ന്നു വീണിടത്തുനിന്നും എഴുന്നേറ്റ് ഓടി അമ്മയ്ക്കുപുറകില്‍ ഒളിച്ചുനില്‍ക്കുമ്പോഴും അവന് ഭയമായിരുന്നു. അമ്മയെത്തട്ടിമാറ്റി അച്ഛനെന്ന അയാള്‍ വീണ്ടും അടിക്കുമോ എന്ന ഭയം.

"മറന്നൂത്രെ.. ബാക്കികാശിന് മിഠായി വാങ്ങിത്തിന്നില്ലെടാ.. സത്യം പറ... ചെവിക്കല്ല് അടിച്ച് പൊട്ടിക്ക്യും ഞാന്‍.. ഇപ്പോ മിഠായി... കൊറച്ചുകഴിഞ്ഞാ..."

അമ്മയ്ക്കായിരുന്നു അടുത്ത് അടി. വളര്‍ത്തുദോഷത്തിന് .

"ലാളിച്ച് വഷളാക്കീക്കോ... വായ തൊറന്നാ നൊണയേ പറയൊള്ളൂ... കുരുത്തം കെട്ടോന്‍."

ആദ്യമായി സ്‌കൂളില്‍ ചേര്‍ത്തിയ ദിവസം, ഏതൊരു കുട്ടിയേയുംപോലെ, സ്‌കൂളില്‍ പോകാതെ വാശിപിടിച്ച് കരഞ്ഞപ്പോള്‍ അയാള്‍ സംശയത്തോടെ കണ്ണുരുട്ടി. പിന്നെ അവന്റെ കുഞ്ഞുചെവിയില്‍ നഖങ്ങള്‍ ചേര്‍ത്തു പിടിച്ചുതിരുമ്മി.

"ഉസ്‌കൂളില് പോയില്ലെങ്കി കൊന്നുകളയും ഞാന്‍. ഉസ്‌കൂളില്‍ പുവ്വാണ്ട് തെണ്ടിത്തിരിഞ്ഞ് നടക്കാന്നൊന്നും വിചാരിക്ക്യണ്ട. നന്നായി പഠിച്ച് എല്ലാറ്റിലും അമ്പതിലമ്പത് മാര്‍ക്ക് വാങ്ങണം. ഇല്ലെങ്കി എന്റെ സുഭാവം മാറും."

കുട്ടിയ്ക്ക് പനിപിടിച്ച് കിടന്നപ്പോഴും അയാള്‍ സംശയിച്ചു.

"മടി തന്നെ.. എഴുന്നേറ്റ് ഉസ്‌കൂളിലിക്ക് പോടാ... മൊടങ്ങാനായിട്ട് ഓരോ കാരണങ്ങള്‍...  പരീക്ഷ കഴിയട്ടെ.... കാണിച്ചുതരാം ഞാന്‍."

ചേട്ടന്‍മാര്‍ തോട്ടില്‍നിന്നും മീന്‍ പിടിക്കുന്നത് നോക്കിനിന്നപ്പോള്‍ നേരം ഇരുട്ടിയത് അറിയാതെ വൈകിവന്നതിനായിരുന്നു അടുത്ത അടി. അടിയുടെ ആഘാതത്തില്‍ വാവിട്ടു നിലവിളിച്ചു.  കണ്ണുകള്‍ തുറിപ്പിച്ച്, ശബ്ദം കിട്ടാതെ, ശ്വാസം കിട്ടാതെ  ഏങ്ങിയേങ്ങി കരയുന്ന അവനെ ആശ്വസിപ്പിക്കാന്‍ അമ്മയ്ക്ക് കാത്തുനില്‍ക്കണ്ടി വന്നു, അയാളുടെ ബലിഷ്ഠമായ കൈകളില്‍നിന്നും അവന്‍ സ്വതന്ത്രനാകുന്നതുവരെ. അപ്പോഴും അയാള്‍ ആക്രോശിച്ചുകൊണ്ടിരുന്നു.

"മൊട്ടേന്ന് വിരിഞ്ഞില്ല... അപ്പഴേക്കും... കൂട്ടുകൂടി കറങ്ങാനും തെണ്ടിത്തിരിഞ്ഞ് നടക്കാനും തൊടങ്ങീല്ലേ... ഇനി നീ പുവ്വോന്ന് നോക്കട്ടെ."

പഠിക്കാനിരിക്കുമ്പോള്‍ ഉറക്കം തൂങ്ങിയതിനും അടിതന്നെ. ചൂരലുകൊണ്ടുള്ള അടി പുറത്ത് തിണര്‍ത്തുകിടന്നിരുന്നു. അതിന്റെ പുകച്ചിലും നീറ്റലും അസഹനീയമായിരുന്നു. ചെരിഞ്ഞുകിടന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയുടെ പുറത്തും ചൂരലിന്റെ വടുക്കള്‍. പുറകെ വന്ന അടികള്‍ തടുത്തത് അമ്മയുടെ പുറംകൊണ്ടായിരുന്നുവോ.? മയക്കത്തിലേയ്ക്ക് വീഴുമ്പോഴെല്ലാം അടി വിഴുന്നതായി തോന്നി ഇടയ്ക്കിടെ അവന്‍ ഞെട്ടിവിറച്ചു. അന്നു മാത്രമല്ല. പിന്നെയും പല രാത്രികളില്‍ അയാളുടെ വാക്കുകള്‍ അവന്റെ ഉറക്കം കെടുത്തി.

"പരീക്ഷ കഴിയട്ടെ, കാണിച്ചു തരാം ഞാന്‍... അമ്പതിലമ്പത് മാര്‍ക്കില്ല്യാണ്ട്  ഈ പടികടന്ന് വന്നാ കാല് തല്ലിയൊടിക്കും.... ഓര്‍ത്തോ."

അവധി ദിവസങ്ങളില്‍ കുറച്ചുനേരം കൂടി ഉറങ്ങുവാന്‍പോലും അയാള്‍ അനുവദിച്ചില്ല. പുറംകാലുകൊണ്ടുള്ള തൊഴിയായിരുന്നു.

"ഊരേല് ഉച്ച്യായിട്ടും കെടന്നൊറങ്ങണ കണ്ടില്ലേ... ഒറങ്ങ് നല്ലോണം ഒറങ്ങ്.. പരീക്ഷേടെ മാര്‍ക്ക് വരട്ടെ... തല്ലി പൊറം പൊളിക്കും ഞാന്‍...."

പഠിയ്ക്കാന്‍ പറഞ്ഞ് നിരന്തരം ഓര്‍മ്മപ്പെടുത്തിയെങ്കിലും, ഒരിയ്ക്കല്‍പ്പോലും, അവന്‍ പഠിക്കുന്നോണ്ടോയെന്ന് മനസ്സിലാക്കുവാനോ, പഠനത്തില്‍ അവനെ സഹായിക്കുവാനോ അവര്‍ക്കറിയില്ലായിരുന്നു. അവര്‍ക്കതിനുള്ള അക്ഷരാഭ്യാസമില്ലായിരുന്നുവല്ലോ. അതുകൊണ്ട് അവന്‍ സംശയങ്ങള്‍ ചോദിച്ചില്ല. ട്യൂഷന് പോകണമെന്ന് ആഗ്രഹിച്ചതേയില്ല. സ്‌കൂളില്‍ കൊടുക്കുവാനുള്ള ഫീസ് ചോദിക്കുവാന്‍ പോലും പേടിയായിരുന്നു... അമ്മയ്ക്കും... പേടിയോടെയാണെങ്കിലും അവനുവേണ്ടി അമ്മ ചോദിച്ചു. അപ്പോഴും അയാളുടെ സംശയങ്ങളുടെ മുനകള്‍ ഭീഷണികളായി അവന്റെ കുഞ്ഞിച്ചെവിയില്‍ ആഴ്ന്നിറങ്ങി.

"പുസ്തകത്തിന് പീസ്.. സ്റ്റാമ്പിന് പീസ്.... ആ പീസ്. ഈ പീസ്.. സര്‍ക്കാര്  ഉസ്‌കൂളില് എന്തിനാ പീസ്... കണ്ണിക്കണ്ടത് വാങ്ങിത്തിന്നാനാവും..."

കാശുകൊടുക്കുമ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തി.

"സ്‌കൂളിലേയ്ക്ക് ഞാന്‍ വരുന്നുണ്ട്‌..  കാണിച്ചുതരാം..."

ആ വാക്കുകള്‍ വെറുതെയായിരുന്നു. അയാളും ഭാര്യയും സ്‌കൂളില്‍പോകാന്‍ മടിച്ചു. ഭൂതകാലത്തിന്റെ പ്രതിച്ഛായകള്‍ അവരെ സ്വന്തം കുട്ടി പഠിക്കുന്ന സ്‌കൂളില്‍നിന്നും മാത്രമല്ല, പുറം ലോകത്തില്‍നിന്നു തന്നെ അകറ്റി നിര്‍ത്തി. പക്ഷെ അയാള്‍ ഭയപ്പെടുത്തികൊണ്ടേയിരുന്നു.

"അമ്പതിലമ്പത് മാര്‍ക്കില്ല്യാണ്ട്  വന്നാ കാല് തല്ലിയൊടിക്കും.... ഓര്‍ത്തോ..."

................................................................

അന്ന് അവന്റെ ആദ്യത്തെ പരീക്ഷയായിരുന്നു. കൂട്ടമണി അടിച്ചതുകേട്ട് ഓടിപ്പോകുന്ന കുട്ടികള്‍. ഓടു മേഞ്ഞ സ്‌കൂളിന്റെ മേല്‍ക്കൂരയ്ക്കുകിഴില്‍, നിരനിരയായി കിടക്കുന്ന ബെഞ്ചുകള്‍ക്കിടയില്‍, സ്വന്തം സ്ലേറ്റിലേയ്ക്കും നോക്കി അവന്‍ കരഞ്ഞിരുന്നു. അവന്റെ കണ്ണുകളില്‍ ഭയം നിഴലിച്ചു. നെഞ്ചിനകത്ത് മിടിപ്പുകളുടെ എണ്ണവും ശക്തിയും കൂടിക്കൂടി വന്നു. കട്ട പുരികവും ചുവന്ന കണ്ണുകളും ഉന്തിനില്‍ക്കുന്ന പല്ലുകളും... അടിയുടെ വേദന... നിറഞ്ഞ കണ്ണുകള്‍ തുടച്ച്, അങ്ങോട്ടും ഇങ്ങോട്ടും നോക്കി, ആരെങ്കിലും കാണുമോയെന്ന് ഭയന്ന്‌, സ്ലേയ്റ്റ് ആരും കാണാതെ സഞ്ചിയില്‍ ഒളിപ്പിച്ച് അവന്‍ മെല്ലെ എഴുന്നേറ്റു. ഭയം മൂലം നടക്കാന്‍ മടിക്കുന്ന കാലുകള്‍. വീട്ടിലേയ്ക്കല്ലാതെ എവിടെ പോകും...? ഈ മാര്‍ക്കും കൊണ്ട് വീട്ടിലേയ്ക്കു ചെന്നാല്‍...? വീട്ടിലേയ്ക്കല്ലാതെ എവിടെ പോകും...?. പാടത്തിന്റെ വരമ്പിലൂടെ തോടിന്റെ കരയിലെത്തി. സ്ലേയ്റ്റില്‍ ചോക്കുകൊണ്ട് കോറിയിട്ട മാര്‍ക്ക് സഞ്ചിക്കുള്ളില്‍നിന്നും പുറത്തുവന്ന് അവനെ ഭയപ്പെടുത്തികൊണ്ടിരുന്നു. അക്ഷരങ്ങളുറങ്ങുന്ന പുസ്തകങ്ങളും ഒഴിഞ്ഞ ചോറ്റുപാത്രവും അടങ്ങുന്ന സഞ്ചി കുറ്റിക്കാട്ടിലൊളിപ്പിച്ച് അവന്‍ ഓടി. വീട്ടിലേയ്ക്കല്ല. എവിടേയ്‌ക്കെന്നറിയാതെ....

............................................................

രണ്ടുദിവസമായി കാണാനില്ലാത്ത അഞ്ചുവയസ്സുകാരനെത്തേടി അവന്റെ അമ്മ നിലവിളിച്ച് ഭ്രാന്തിയെപ്പോലെ അലഞ്ഞുനടന്നു. മകനുവേണ്ടി അലയുന്നവളോട് ഒരു രാത്രിയുടെ വിലയെത്രയെന്ന് ചോദിച്ചവനെ അവള്‍ കയ്യില്‍ക്കിട്ടിയ ഇഷ്ടികയെടുത്തെറിഞ്ഞു. മെലിഞ്ഞ ശരീരവും അഴിഞ്ഞുലഞ്ഞ മുടിയും മര്‍ദ്ദനത്തിന്റെ മായാത്ത പാടുകളും ഭ്രാന്തിയെന്ന വിശേഷണത്തിന് അനുയോജ്യമായിരുന്നു.

............................................................

കഞ്ചാവിന്റെയും മദ്യത്തിന്റേയും വൃത്തികെട്ട ഗന്ധത്തോടൊപ്പം അഴുകിയ മാംസത്തിന്റെ മണം കൂടി ശല്ല്യപ്പെടുത്തുവാന്‍ തുടങ്ങിയപ്പോള്‍, ആളുകള്‍ അവരുടെ വീടിനു ചുറ്റും കൂടി. പോലീസുകാര്‍ മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട്, ഉറുമ്പരിച്ചു തുടങ്ങിയ, മൃതശരീരം പരിശോധിച്ചു.  അയാളുടെ കൈകള്‍ ഒരു സഞ്ചി നെഞ്ചില്‍ ചേര്‍ത്തുപിടിച്ചിരുന്നു. പോലീസുകാര്‍ ഒരു വടികൊണ്ട് ആ സഞ്ചി കുടഞ്ഞിട്ടു. അതില്‍നിന്നും പുസ്തകങ്ങളും ചോറ്റുപാത്രവും ഒരു സ്ലേറ്റും വീണു. ചിന്നിയ സ്ലേറ്റില്‍ മാര്‍ക്ക് രേഖപ്പെടുത്തിയ അക്കങ്ങള്‍ മാഞ്ഞുതുടങ്ങിയിരുന്നു.

"അമ്പതില്‍ നാല്‍പ്പത്തിയൊന്‍പത്."

സ്ലേറ്റ് വീടിന്റെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞ് പോലീസുകാരന്‍, അവിടെകിടന്നിരുന്ന പഴയൊരു പുതപ്പുകൊണ്ട് മൃതശരീരം മൂടിയിട്ടു.