പൂവിന്‍നോവ്‌

സുഗന്ധം വിതറും സുന്ദരിയിവള്‍.
ആരും കൊതിക്കും ആരാമറാണി.
ആരറിയുന്നീയിളം പനിനീര്‍പൂവിനെ;
ആരറിയുവാനീ സുരഭിലജന്മത്തെ.

തഴുകും ചിലര്‍ തെല്ലുവാത്സല്യമോടെ,
മുകരും ചിലര്‍ മുഗ്‌ധപരിമളം മാത്രം.
ചൂടും ചിലര്‍ വാര്‍മുടിയഴകിലെങ്കില്‍,
മൂടും ചിലര്‍ ചുടുചുംബനങ്ങളാല്‍.

കവരും ചിലര്‍ വെറും കൗതുകമോടെ,
ഇറുക്കും ചിലര്‍ ഈശ്വരന്നേകുവാന്‍
പറിക്കും ചിലര്‍ പ്രണയപൂജക്കായ്‌,
കിടത്തും ചിലര്‍ കുടീരങ്ങളിന്‍മേല്‍,

കൂപ്പുംകൈപോല്‍ മൊട്ടിട്ട ജന്മം.
വാടിക്കരിയുമ്പോഴും മൗനംചൂടിയവള്‍.
ഇത്രയെളുതോ ഒരുപൂവിന്നായുസ്സും;
അത്ര ലളിതമോ ഒരുപൂവിന്നന്ത്യവും.

കേഴുമോ കാമിച്ചൊരു കരിവണ്ടെങ്കിലും;
തേങ്ങുമോ തഴുകിയൊരു തെന്നലെങ്കിലും;
പരീഭവിക്കുമോ ഒരു പൂങ്കുരുവിയെങ്കിലും;
വിങ്ങിപൊട്ടുമോ ഒരു ചിത്രശലഭമെങ്കിലും.?


Inspired by the poem 'Nobody knows this little Rose' by Emily Dickinson.

പ്രശസ്ത അമേരിക്കന്‍ കവയിത്രി എമിലി ഡിക്കിന്‍സണ്‍ (1830-1886) രചിച്ച അര്‍ത്ഥസമ്പുഷ്ടമായ കവിതയാണ് 'നോബഡി നോസ് ദിസ് ലിറ്റില്‍ റോസ് . അവരുടെ 25-ാമത്തെ വയസ്സില്‍, 1858 ലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു.

മലയാളത്തിന്റെ മഹാകവി കുമരനാശാന്റെ പ്രശസ്തമായ കാവ്യമാണ് 'വിണ പൂവ്'.  എമിലി ഡിക്കിന്‍സണ്‍ അകാലത്തില്‍ മരണപ്പെട്ട് 20 വര്‍ഷങ്ങള്‍ക്കു ശേഷം, മഹാകവിയുടെ 34-ാമത്തെ വയസ്സില്‍,  1907 ലാണ് വീണപൂവ് പ്രസിദ്ധീകരിക്കുന്നത്. മഹാകവി 164 വരികളിലായി നീട്ടിപറഞ്ഞതും എമിലി ഡിക്കിന്‍സണ്‍ വെറും 12 വരികളില്‍ ചുരുക്കി പറഞ്ഞതും ഒരേ ആശയം തന്നെയാണ് എന്ന് നിശ്ശംശയം പറയാം. ജനനത്തിനും മരണത്തിനും ഇടയിലൂടെ കടന്നുപോകുന്ന ജിവിതത്തിന്റെ നിരര്‍ത്ഥകതയെതന്നെയാണ് രണ്ടുപേരും വിഷയമാക്കിയത്. രണ്ടുപേരും ഉപയോഗപ്പെടുത്തിയ ബിംബങ്ങളില്‍പോലും സാമ്യത കാണുന്നുവെന്നത് കൗതുകമേകുന്നു. ഇംഗ്ലീഷ് ആധിപത്യത്തിനു കീഴിലായിരുന്ന ഒരു സമൂഹത്തില്‍ ജനിച്ചു വളര്‍ന്ന വിദ്യാസമ്പന്നനായിരുന്ന മഹാകവിയില്‍ എമിലി ഡിക്കിന്‍സണ്‍ന്റെ കവിത പ്രചോദനം ചെലുത്തിയിരിക്കുവാന്‍ വളരെയധികം സാധ്യതയുണ്ട്.