ആദ്യം നീ നന്നാവാന്‍ നോക്ക്

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിത കഥകള്‍ എനിക്ക്‌ ഒരുപാടിഷ്ടമാണ്‌. ഞാന്‍ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള അത്തരം കഥകള്‍ എന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തി എന്റെ ബ്ലോഗില്‍ പങ്കുവെക്കുന്നു. 
.......................................................................

ചെറിയ കുട്ടിയായിരുന്ന മകന്‍ ഒരു ഭൂപടം (World Map) എടുത്ത് കളിച്ചു കൊണ്ടിരുന്നു.. അതു കൊണ്ടു വയ്ക്കാന്‍ പല പ്രാവശ്യം അഛ‌ന്‍ ആവശ്യപ്പെട്ടിട്ടും മകന്‍ അനുസരിച്ചില്ല.. അങ്ങിനെ കളിച്ചുകൊണ്ടിരിക്കെ ആ ഭൂപടം രണ്ടായി കീറിപ്പോയി. ഇതു കണ്ട് അഛനു വല്ലാതെ ദേഷ്യം വന്നു. അദ്ദേഹം ആ ഭൂപടം വാങ്ങി അനേകം കഷണങ്ങളായി കീറിക്കളഞ്ഞു..

അല്പം കഴിഞ്ഞ് കോപമൊക്കെ അടങ്ങിയപ്പോള്‍ അഛന്‍, ചിതറിക്കിടന്ന ആ ഭൂപടത്തിന്‍റെ കഷണങ്ങള്‍ പെറുക്കിയെടുത്ത് ശരിയായിചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചു.പക്ഷെ, വലിയ ഭൂമിശാസ്ത്ര പരിജ്ഞാനമൊന്നുമില്ലായിരുന്ന അച്ഛന്‍, എത്ര ശ്രമിച്ചിട്ടും ആ കഷണങ്ങള്‍ ശരിയായി ചേര്‍ത്തുവച്ച് ഭൂപടം ശരിയാക്കാന്‍ കഴിഞ്ഞില്ല.

അല്‍പ്പസമയത്തേക്കു പുറത്തേക്കു പോയ അഛന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചെറിയ കുട്ടിയായ മകന്‍ ആ കഷണങ്ങളെല്ലാം കൃത്യമായി ചേര്‍ത്തു വച്ച് ആ ഭൂപടം 
ശരിയാക്കിവെച്ചിരിക്കുന്നതാണ്. അഛന്‍‍ അദ്ഭുതത്തോടും അഭിമാനത്തോടും കൂടി മകനെ അഭിനന്ദിച്ചു. എങ്ങിനെ അവനതു സാധിച്ചു എന്നന്വേഷിച്ചു. അപ്പോള്‍ മകന്‍ പറഞ്ഞു;

“അതത്ര വലിയ കാര്യമൊന്നുമല്ലഛാ, ആ ഭൂപടത്തിന്‍റെ മറുപുറത്ത് ഒരു മനുഷ്യന്‍റെ പടമുണ്ടായിരുന്നു. ഞാന്‍ അതു ശരിയാക്കിയപ്പോള്‍ ഭൂപടം തനിയെ ശരിയായി. അത്രയേയുള്ളു.”

ശരിയല്ലേ? നാം ലോകം ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന്‍ ശരിയായാല്‍ മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്‍ക്കാതെ..

ഗുണപാഠം : ആദ്യം നീ നന്നാവാന്‍ നോക്ക്


4 അഭിപ്രായങ്ങൾ:

  1. വായിച്ചിട്ടുണ്ട്. എന്നാലും ഓരോ തവണ വായിക്കുമ്പോഴും ഇഷ്ടപ്പെടുന്നുമുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി അജിത് ഭായ്. കാര്യമായാലും തമാശയായാലും വെബ് ലോകത്ത് എല്ലാ വിഷയങ്ങള്‍ക്കും അല്‍പ്പായുസ്സേ ഉള്ളൂ. അതുകൊണ്ടാണ് ഞാന്‍ ഇത്തരം സംഗതികള്‍ ബ്ലോഗില്‍ സൂക്ഷിക്കുന്നത്. കുറേക്കാലം കഴിഞ്ഞു വായിക്കുമ്പോള്‍ വീണ്ടും ആസ്വദിക്കാമല്ലോ.

      ഇല്ലാതാക്കൂ
  2. നന്നായി. സ്കൂളിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ഒരു കഥയായി .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ടീച്ചറെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ പറ്റിയ, നല്ല സന്ദേശമുള്ള കഥയാണ്. വായിച്ച് അഭിപ്രായം പങ്കുവെച്ചതില്‍ വളരെയധികം സന്തോഷം.. നന്ദി..

      ഇല്ലാതാക്കൂ