ആത്മാവിനെ കടിച്ചുപറിക്കുന്ന മൃഗങ്ങള്‍.

ഹിമാലയ റസിഡന്‍സി  കൈലാഷ്‌ വില്ലയുടെ മനോഹരമായ അകത്തളത്തില്‍ പുലിത്തോലുകൊണ്ടു പ്രത്യേകം തയ്യാറാക്കിയ ഡിസൈനര്‍ സോഫയില്‍ ഇരുന്നുകൊണ്ട്‌, ഇന്റര്‍നാഷണല്‍ സ്‌പേസ്‌ സ്‌റ്റേഷന്‍ ഫോര്‍ പ്രിസര്‍വേഷന്‍ ഓഫ്‌ സോള്‍ & ലൈഫ്‌ എന്ന സംരംഭത്തിന്റെ മേധാവി മഹേശ്വര്‍ തന്റെ ലാപ്‌ ടോപ്പ്‌  ഓണ്‍ ചെയ്‌തു. അദ്ദേഹം ലാബിന്റെ പെര്‍ഫോമന്‍സ്‌ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയായിരുന്നു. സ്‌ക്രീനില്‍ ദൃശ്യമായ വിവരങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ പെട്ടെന്ന്‌ സ്‌ക്രീനില്‍ ഒരു സന്ദേശം തെളിഞ്ഞു. ' വണ്‍ സോള്‍ ഈസ്‌ മിസ്സിംഗ്‌ '. അദ്ദേഹം ഞെട്ടിയെഴുന്നേറ്റു. ഉടന്‍തന്നെ തന്റെ പേഴ്‌സണല്‍ സിക്രട്ടറി നന്ദിനിക്ക്‌ സ്‌പീഡ്‌ ഡയല്‍ ചെയ്‌തു.

"മിസ്സ്‌ നന്ദിനി.. വാട്ട്‌ ദി ഹെല്‍ ഈസ്‌ ഹാപ്പനിംഗ്‌. ഇതുപോലെ മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലല്ലോ. വണ്‍ സോള്‍ ഈസ്‌ മിസ്സിംഗ്‌. എല്ലാ ചീഫ്‌ ഒഫീഷ്യല്‍സിന്റേയും ഒരു വീഡിയോ കോണ്‍ഫറന്‍സ്‌ അറേഞ്ച്‌ ചെയ്യൂ. ഇന്‍ നോ ടൈം. ഇറ്റ്‌സ്‌ വെരി ഇംപോര്‍ട്ടന്റ്‌."

"യെസ്‌ സാര്‍... "

സെക്കന്റുകള്‍ക്കുള്ളില്‍ വിവിധ ചതുരങ്ങളിലായി ഇന്റര്‍നാഷണല്‍ സ്‌പേസ്‌ സ്‌റ്റേഷന്‍ ഫോര്‍ പ്രിസര്‍വേഷന്‍ ഓഫ്‌ സോള്‍ & ലൈഫ്‌
ഒഫീഷ്യല്‍സിന്റെ ആകാംക്ഷാഭരിതമായ മുഖങ്ങള്‍ ലാപ്‌ടോപ്പ്‌ സ്‌ക്രീനില്‍ തെളിഞ്ഞു. മഹേശ്വറിന്റെ വാക്കുകള്‍ക്കായി അവര്‍ കാത്തുനിന്നു. 

"സഹപ്രവര്‍ത്തകരെ, എവിടെയോ ഒരു തെറ്റു പറ്റിയിട്ടുണ്ട്‌. നിങ്ങള്‍ക്കറിയാവുന്നതുപോലെ, മരണശേഷം ശരീരങ്ങളില്‍നിന്നും വേര്‍പെടുന്ന ആത്മാവുകളെ കണ്ടെത്തി, അവയുടെ മെമ്മറി ഡിലീറ്റ്‌ ചെയ്‌തിനുശേഷം ഫോര്‍മാറ്റിംഗിനു വിധേയമാക്കി പുതുതായി ജന്മമെടുക്കുന്ന ശരീരങ്ങളില്‍ ഉപയോഗിക്കുവാന്‍ 
കഴിയുന്ന വിധത്തില്‍ പ്രിസര്‍വ്‌ ചെയ്യുക എന്നതാണ്‌ വര്‍ഷങ്ങളായി നമ്മുടെ സ്‌പേയ്‌സ്‌ ലാബ്‌ ചെയ്‌തുവരുന്ന സേവനം. ഓരോ ദിവസവും ലക്ഷകണക്കിനാളുകളാണ്‌ മരിച്ചുകൊണ്ടിരിക്കുന്നത്‌. പ്രപഞ്ചത്തിലെവിടെ മരണമുണ്ടായാലും അതിലൂടെ വേര്‍പ്പെടുന്ന ആത്മാക്കളെ കണ്ടത്തുവാന്‍ കഴിയുന്ന ഏറ്റവും മികച്ച അത്യാധുനിക സാറ്റലൈറ്റ്‌ സൗകര്യങ്ങളും കമ്പ്യൂട്ടര്‍ സോഫ്‌റ്റവെയര്‍ നെറ്റുവര്‍ക്കുമാണ്‌ നാം ഒരുക്കിയിട്ടുള്ളത്‌. സാറ്റലൈറ്റുകള്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ആത്മാവിനെ നമുക്ക്‌ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ശരീരത്തില്‍നിന്നും വേര്‍പ്പെട്ട്‌ ആത്മാവുകള്‍ അലഞ്ഞുതിരിയുന്നത്‌ പലവിധ സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തും. അതിനെ കണ്ടെത്തേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌. അതിനാല്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുക."

"മിസ്‌റ്റര്‍ ദിക്‌പാല്‍, നഷ്ടപ്പെട്ട ആത്‌മാവ്‌ ആരുടേതാണെന്ന്‌ ഉടന്‍ കണ്ടെത്തുകയെന്നത്‌ നിങ്ങളുടെ ജോലിയാണ്‌. കണ്ടെത്തിയാലുടന്‍ മിസ്‌റ്റര്‍ ഭൂതനാഥനെ വിവരമറിയിക്കണം."

"യെസ്‌ സാര്‍."

"മിസ്റ്റര്‍ ഭൂതനാഥന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന്‌ നഷ്ടപ്പെട്ട ആത്‌മാവിനെ തിരിച്ചുകൊണ്ടുവരുവാനുള്ള അറേഞ്ച്‌മെന്റ്‌സ്‌ ചെയ്യണം."

"യെസ്‌ സാര്‍"

"മിസ്സ്‌ നന്ദിനി... ഇറ്റ്‌ ഈസ്‌ യുവര്‍ ഡ്യൂട്ടി റ്റു സീ ദാറ്റ്‌ നതിംഗ്‌ ഗോസ്‌ റോങ്ങ്‌."

"യെസ്‌ സാര്‍."

എല്ലാവരോടും ഒരിക്കല്‍ കൂടി പറയുന്നു.

"വലിയൊരു ഉത്തരവാദിത്വമാണ്‌ നമ്മളില്‍, അര്‍പ്പിതമായിട്ടുള്ളത്‌. റിപ്പോര്‍ട്ട്‌ ഇമ്മീഡിയറ്റ്‌ലി."

മഹേശ്വറിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ എല്ലാവരും കര്‍മ്മനിരതരായി.

******************************************************

ഭൂതനാഥന്‍ വന്നിട്ടുണ്ട്‌. വരാന്‍ പറയട്ടെ... ഢമരുവില്‍ താളം പിടിച്ചിരിക്കുന്ന മഹേശ്വറിനോട്‌ പത്‌നി ഉമാദേവി ചോദിച്ചു.

വരാന്‍ പറയൂ.

"സര്‍, മിസ്സായ ആത്മാവിനെ കണ്ടത്തി സ്‌പേയ്‌സിലേക്ക്‌ തിരിച്ചെത്തിച്ചിട്ടുണ്ട്‌. ലാബിലെ കോള്‍ഡ്‌ സ്‌റ്റോറേജില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ജീവിച്ചിരിക്കുമ്പോള്‍, ഈ ആത്മാവിന്റെ ഉടമസ്ഥന്‍, വലിയൊരു പ്രസ്ഥാനത്തെ വെല്ലുവിളിക്കുകയും അവരെ തിരഞ്ഞടുപ്പില്‍ തോല്‍പ്പിക്കുകയും ചെയ്‌തിട്ടുള്ള ഒരു വിശിഷ്ട വ്യക്തിയായിരുന്നു. ഇദ്ദേഹത്തെ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയതിനെതുടര്‍ന്നുണ്ടായ വിവാദങ്ങളാണ്‌ ഇദ്ദേഹത്തിന്റെ ആത്മാവിനെ നമുക്ക്‌ മിസ്സാകുവാന്‍ കാരണം. പത്രങ്ങളും ചാനലുകളും കൊന്നവരും കൊല്ലിച്ചവരും ഭരിക്കുന്നവരും അവരുടെ എതിര്‍പക്ഷത്തുള്ളവരും കൂടി ഇദ്ദേഹത്തിന്റെ ആത്മാവിനെ വിടാതെ പിടികൂടിയിരിക്കുകയായിരുന്നു. ചാനലുകളുടെ ഒ.ബി വാനുകളില്‍നിന്നും പ്രസരിക്കുന്ന വിവിധ ഫ്രീക്വന്‍സികളിലുള്ള ട്രാന്‍സ്‌മിഷന്‍ വേവുകളാണ്‌, ഇദ്ദേഹത്തിന്റെ ആത്മാവിനെ കണ്ടെത്തുന്നതില്‍നിന്നും നമ്മുടെ സാറ്റലൈറ്റുകളെ തടസ്സപ്പെടുത്തിയത്‌."

"ഓഹോ... ഇപ്പോള്‍ എങ്ങിനെയാണ്‌ ഈ ആത്മാവിനെ കണ്ടെത്തിയത്‌. എങ്ങിനെയാണ്‌ ഈ ആത്മാവിനെ സ്വതന്ത്രനാക്കിയത്‌." മഹേശ്വര്‍ ചോദിച്ചു.

"സര്‍, കഴിഞ്ഞ ദിവസം ഇയാളുടെ തന്നെ നാട്ടുകാരിയായ ഒരു സ്‌ത്രീയെ ഏതോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍വെച്ചു ബലാത്സംഗം ചെയ്‌തുകൊന്നതായി റിപ്പോര്‍ട്ടുണ്ട്‌ സാര്‍. എല്ലാ പാര്‍ട്ടിക്കാരും ചാനലുകാരും പത്രക്കാരും ഇപ്പോള്‍ ആ സ്‌ത്രീയുടെ ആത്മാവിനെയാണ്‌ പിടികൂടിയിരിക്കുന്നത്‌. ഈ ആത്മാവിനെ അവര്‍ കൈവിട്ട തക്കത്തിന്‌ കൂട്ടികൊണ്ടുവരികയായിരുന്നു."

"വെല്‍ ഡണ്‍ ഭൂതനാഥ്‌... താങ്ക്‌ യു. നിങ്ങള്‍ക്കു പോകാം."

മഹേശ്വര്‍ തന്റെ ലാപ്‌ടോപ്പിലൂടെ, തന്റെ ലാബില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള കോള്‍ഡ്‌ സ്‌റ്റോറേജില്‍ പുതുതായി എത്തിച്ചേര്‍ന്നിട്ടുള്ള ആത്മാക്കളെ സെര്‍ച്ച്‌ ചെയ്‌തു. തിരികെ ലഭിച്ച ആത്മാവിനെ ഒരു നോക്കു കാണുവാനുള്ള ആകാംക്ഷയോടെ മഹേശ്വറിനോടൊപ്പം അദ്ദേഹത്തിന്റെ പത്‌നി ഉമാദേവിയും ചേര്‍ന്നു. സ്‌ക്രീനില്‍ സുതാര്യവെണ്‍മയാര്‍ന്ന ചെറിയ പഞ്ഞിക്കെട്ടുകള്‍ പോലെ ആത്മാവുകള്‍ സ്‌ക്രോള്‍ ചെയ്‌തുകൊണ്ടിരുന്നു. ഏറ്റവും ഒടുവിലെത്തിയ ആത്മാവിന്റെ രൂപം വലിച്ചുകീറി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.

മുഖം തിരിച്ചുകൊണ്ട്‌ ഉമാദേവി ആത്മരോഷത്തോടെ പറഞ്ഞു.

"മരിച്ചവന്റെ ആത്മാവിനെപ്പോലും കടിച്ചുപറിക്കുന്ന ഈ മൃഗങ്ങള്‍ ഏതു ഭൂപ്രദേശത്തുള്ളവരാണ്‌ ?."

മഹേശ്വര്‍ തന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന ആ ഭൂപ്രദേശത്തെയും അവിടത്തെ കാഴ്‌ചകളേയും ഉമാദേവിക്കു കാണിച്ചുകൊടുത്തു.

വാര്‍ത്തകളുടെ എല്ലിന്‍ കഷ്‌ണങ്ങള്‍ എറിഞ്ഞുകൊടുക്കുന്ന മാധ്യമങ്ങള്‍... തെരുവുപട്ടികളേപ്പോലെ അത്‌ കടിച്ചുപറിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍... കയ്യുംകെട്ടി ആസ്വദിക്കുന്ന കുറ്റവാളികള്‍.... കുറ്റം ചെയ്‌തവരെ രക്ഷിക്കുവാനും അലമുറയിടുന്നവര്‍... ആരോ നിയന്ത്രിക്കുന്ന പാവകളെപ്പോലെ നിയമപാലകര്‍... പേടിച്ചരണ്ട ആത്മാവുകള്‍...

ഭര്‍ത്താവിന്റെ മുഖം കോപത്താല്‍ തുടിക്കുന്നതുകണ്ട ഉമാദേവി ഭയന്നു. അയാളുടെ 
കോപാഗ്നിയില്‍ നിന്നും പ്രസരിക്കുന്ന ലേസര്‍ വികിരണങ്ങളുടെ സംഹാരശേഷി ഭയന്ന്‌ അവര്‍ ബുദ്ധിപൂര്‍വ്വം ലാപ്‌ടോപ്പ്‌ ഓഫ്‌ ചെയ്യുകയും അനന്തരം തന്റെ ഉടയാടകള്‍ അഴിക്കുകയും ചെയ്‌തു. അപ്പോള്‍ മഹേശ്വറിന്റെ കണ്ണുകളില്‍ കോപാഗ്നി അണയുകയും കാമാഗ്നിയുടെ നീലജ്വാലകള്‍ പ്രകാശിക്കുകയും ചെയ്‌തു.

..........................................................................


വാല്‍കഷ്ണം. 
ടി.പി.ചന്ദ്രശേഖരന്‍ എന്ന ജനപ്രിയനേതാവിനെ ക്രൂരമായി വകവരുത്തിയതിന്റെ പേരില്‍ മുഖം നഷ്ടപ്പെട്ട സി.പി.എം, അതില്‍നിന്നും കരകയറുവാന്‍ വഴികള്‍ തേടികൊണ്ടിരിക്കുന്ന സാഹചര്യം. രാഷ്ട്രീയമായും നിയമപരമായും നേരിട്ടുകൊണ്ട് പിടിച്ചുനില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോക്‌സഭാ ഇലക്ഷന്‍ അടുത്തുവരുന്നു. എന്തുവിലകൊടുത്തും വടകര ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിച്ചുകൊണ്ട്, ജനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട് എന്നുതെളിയിക്കേണ്ടത് സി.പി.എമ്മിന്റെ ആവശ്യംതന്നെയായിരുന്നു. പക്ഷെ, സി.പി.എം അതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങളിലൊന്ന് അങ്ങേയറ്റം നിലവാരമില്ലാത്തതായിരുന്നു. ടി.പി.ചന്ദ്രശേഖരന് ഏതോ ഒരു സ്ത്രീയുമായി അനാശ്യാസ ബന്ധമുണ്ടായിരുന്നു എന്ന ആരോപണമായിരുന്നു അതിലൊന്ന്. സ്വഭാവഹത്യചെയ്യുന്ന പ്രചരണങ്ങളിലൂടെ അദ്ദേഹത്തിന്റെ, തിളക്കമാര്‍ന്ന രക്തസാക്ഷിത്വ പ്രഭാവത്തെ കെടുത്തുകയായിരുന്നു സിപി.എമ്മിന്റെ ലക്ഷ്യം എന്നുവേണം കരുതുവാന്‍.  അതിനിടയിലാണ് കോണ്‍ഗ്രസ്സ് ഓഫീസില്‍ ഒരു സ്തീ കൊല ചെയ്യപ്പെട്ടത്. അപ്പോള്‍ പിന്നെ അതായി പ്രധാന വിഷയം. ഉത്കൃഷ്ടവും മാനവികവുമായ ആദര്‍ശങ്ങളിലൂടെയും ചിന്താഗതികളിലൂടെയും ഉയര്‍ന്നുവന്ന സി.പി.എമ്മിന്റെ മുഖം വികൃതമാക്കിയ ഈ വൃത്തികെട്ട സമീപനത്തോട് തോന്നിയ വികാരമാണ് ഈ കഥയിലൂടെ പ്രതിഫലിച്ചത്.