വില്‍ക്കാനുണ്ട്‌ ചിറകുകള്‍

ദൂരെയാണത്രെ സ്വപ്‌നങ്ങളൊക്കയും,
ഉയരങ്ങളിലത്രെ വിജയങ്ങളൊക്കെയും,

ആകാശങ്ങള്‍ സ്വപ്‌നം കാണുന്നവരെ,
കാത്തിരിക്കുന്നു നിങ്ങള്‍ക്കായ്‌ ചിറകുകള്‍.

പറന്നുയരാം വിജയാകാശങ്ങളിലേക്ക്‌.
ചെന്നണയാം സ്‌ഫടികസൗധങ്ങളില്‍.


അധികാരപര്‍വ്വങ്ങള്‍ക്കധിപതികളാകാം.
സ്വാതന്ത്ര്യത്തിന്റെ ചക്രവാളം താണ്ടാം,

ചിറകുകള്‍ വില്‍ക്കുന്നവരെ സൂക്ഷിക്കുക.
വീണുപോയേക്കാം തേന്‍മൊഴികളില്‍.

പണയം വെക്കുവാനൊരു ഹൃദയമുള്ളവര്‍ക്ക്‌,
സ്വന്തമാക്കാം ചിറകുകള്‍ ഇന്നെവിടെയും.

അന്യന്റെ ചിറകുകളെന്നാല്‍ പടച്ചട്ടകളല്ല,
അടിമത്വത്തിന്റെ പുതിയ പുറംചട്ടകളാണ്‌,

ആത്മവിശ്വാസതൂവലുകളാല്‍ നെയ്‌തെടുത്ത
നിന്റെ മാത്രം ചിറകുകളാല്‍ പറന്നീടുക,

പ്രാപ്പിടിയന്‍മാരെപ്പോല്‍, ഉയരങ്ങളിലേക്കല്ല,
പ്രാവുകളേപ്പോല്‍ നന്മകളുടെ ചില്ലകളിലേക്ക്‌

ഓര്‍ക്കുക, മടങ്ങണമൊരുനാള്‍ മണ്ണിലലിഞ്ഞു-
ചേരുവാന്‍, ഉയരങ്ങളിലെത്ര പറന്നെത്തിയാലും,